കൊറോണ അടപ്പിച്ച ഹോസ്റ്റലുകൾ (c) Woke Malayalam
കൊറോണ അടപ്പിച്ച ഹോസ്റ്റലുകൾ (c) Woke Malayalam
Reading Time: 4 minutes

കൊച്ചി:

പഠനത്തിനും ജോലിയ്ക്കുമായി നിരവധി ആളുകൾ വന്ന് താമസിക്കുന്ന ഒരു സ്ഥലമാണ് എറണാകുളം. ഇവിടെ ഇത്തരത്തിൽ വന്ന് താമസിക്കുന്നവർക്കായി നിരവധി വാടക വീടുകൾ, ഹോസ്റ്റലുകൾ, പേയിങ് ഗസ്റ്റായി നിൽക്കാനുള്ള സംവിധാനങ്ങൾ എന്നിവ ലഭ്യവുമാണ്. 

വിദ്യാർത്ഥികളും ജോലിക്കാരുമില്ലാത്തതിനാൽ അടച്ചിട്ട ഹോസ്റ്റൽ മുറികൾ Vyttila Kochi (c) Woke Malayalam
വിദ്യാർത്ഥികളും ജോലിക്കാരുമില്ലാത്തതിനാൽ അടച്ചിട്ട ഹോസ്റ്റൽ മുറികൾ Vyttila Kochi (c) Woke Malayalam

എന്നാൽ, കൊറോണ വന്നതോടെ സ്‌കൂളുകളും കോളേജുകളും അടച്ചു. കുട്ടികൾ ഓൺലൈൻ ക്ലാസുകളിലേയ്ക്ക് മാറി. സ്ഥാപനങ്ങൾ, പ്രത്യേകിച്ച് ഐടി മേഖല പൂർണമായും വർക്ക് ഫ്രം ഹോമാക്കി. ഇതോടെ കുട്ടികളുടെയും ജോലിക്കാരുടെയും വരവ് നിന്നു. 

ഇവരെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു വിഭാഗമാളുകളാണ് ഹോസ്റ്റൽ പിജി നടത്തുന്നവർ. വാടകയ്ക്ക് നടത്തിയിരുന്നവർ അധികവും സംരംഭങ്ങൾ നിർത്തി. മറ്റു ചിലർ പിടിച്ച് നിൽക്കാൻ മറ്റു ജോലികളിലേക്ക് തിരിഞ്ഞു. സ്വന്തം വീടുകളിൽ നടത്തുന്നവർ മാത്രമാണ് നിലവിൽ ഈ സംരംഭവുമായി മുന്നോട്ട് പോകുന്നത്.

ഒൻപത് വർഷമായി വൈറ്റിലയിൽ ലിറ്റിൽ ഫ്ലവർ ലേഡീസ് ഹോസ്റ്റൽ നടത്തുകയാണ് സോണി. ആദ്യം വീടിന്റെ മുകളിലും താഴെയുമായി നടത്തിയിരുന്ന ഹോസ്റ്റൽ പിന്നീട് പുറകിൽ മുറികൾ പണിത് അവിടേയ്ക്ക് കൂടെ കുട്ടികളെ ഉൾപ്പെടുത്താൻ തുടങ്ങി. ഒരു സമയം 35 കുട്ടികൾ വരെ ഇവിടെ താമസിച്ചിട്ടുമുണ്ട്.

 അങ്ങനെ ഇരിക്കുമ്പോഴാണ് കൊറോണ മഹാമാരിയുടെ വരവ്. ഓൺലൈൻ ക്ലാസും വർക്ക് ഫ്രം ഹോമും വന്നതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞു. ഹോസ്റ്റൽ നടത്തിക്കൊണ്ട് ഇരുന്ന മുറികളിൽ ചിലത് വാടകയ്ക്ക് കൊടുക്കാൻ സോണി തീരുമാനിച്ചു. മുറികളുടെ എണ്ണം കുറഞ്ഞു. 

ഏറ്റവും കൂടുതൽ കുട്ടികൾ വന്നിരുന്നത് പഠനത്തിന്റെ ആവശ്യത്തിനാണ്. എന്നാൽ, ഇപ്പോൾ സ്വന്തം വീട്ടിൽ ഇരുന്നും പഠിക്കാമെന്ന സാഹചര്യത്തിൽ പേയിങ് ഗസ്റ്റ് ആയിട്ടും ഹോസ്റ്റലുകളിലും കുട്ടികൾക്ക് നിൽക്കേണ്ടി വരുന്നില്ല. ഇതൊരു വലിയ തിരിച്ചടിയാണെന്ന് സോണി പറയുന്നു. 

ലോക്ക്ഡൗൺ സമയത്ത് വീട്ടിലേയ്ക്ക് മടങ്ങിയ കുട്ടികളുടെ സാധനസാമഗ്രികൾ ഇപ്പോഴും അടച്ചിട്ട മുറികളിൽ സൂക്ഷിച്ചിട്ടുണ്ടെന്നും, എല്ലാർക്കും പ്രതിസന്ധിയായതിനാൽ ഇതിന് കുട്ടികളുടെ കൈയിൽ നിന്നും കാശ്  മേടിക്കുന്നില്ലെന്നും സോണി പറഞ്ഞു. മുറികൾ കടയ്ക്ക് നൽകാം എന്ന് തീരുമാനിച്ച് ബോർഡ് തൂക്കിയിട്ട്  മാസങ്ങളായിട്ടും ഇതുവരെയും ആരും സമീപിച്ചില്ല. ഈ അവസ്ഥ മുന്നോട്ട് പോകുകയാണെങ്കിൽ ഈ ചെറിയ സംരംഭം നിർത്തേണ്ടി വരുമെന്ന് സോണി വ്യാകുലപ്പെടുന്നു. 

ഹോസ്റ്റൽ ആരംഭിക്കുന്ന കാലഘട്ടത്തിൽ 60 രൂപയായിരുന്ന സൺഫ്ളവർ ഓയിൽ ഇപ്പോൾ 130 രൂപയായി ഉയർന്നു. പെട്രോളിന്റെയും പാചകവാതകത്തിന്റെയും മറ്റ് സാധനങ്ങളുടെയും വില വർദ്ധിക്കുന്നത് കൊണ്ട് ലാഭം ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും വെറുതെ നടത്തിക്കൊണ്ട് പോകാമെന്നേയുള്ളൂ എന്നുമാണ് സോണി പറയുന്നത്. 

ലൈസൻസ് എടുത്ത് നടത്തുന്ന സ്ഥാപനം ആയതിനാൽ കൊമേർഷ്യൽ ടാക്സ്, ബിൽഡിംഗ് ടാക്സ്, വെള്ളവും വൈദ്യുതിയും കൊമേർഷ്യൽ നിരക്കിൽ അടയ്ക്കുക തുടങ്ങി നിരവധി ചിലവുകൾ വരുമാനത്തേക്കാൾ ഏറെ ഇവർക്ക് അടയ്‌ക്കേണ്ടിവരുന്നു. 35 കുട്ടികൾ താമസിച്ചിരുന്നയിടത്ത് ഇപ്പോൾ 10 കുട്ടികൾ മാത്രമാണുള്ളത് എന്നും പ്രതിസന്ധിയിലും ഹോസ്റ്റൽ ഫീസ് കൂട്ടാൻ സാധിക്കുകയില്ലെന്നും സോണി പറയുന്നു. 

സർക്കാർ വക യാതൊരു വിധ സഹായവും ഇതുവരെ ലഭിച്ചിട്ടില്ല എന്നും സോണി പരാതിപ്പെടുന്നു. പഴയ സ്ഥിതി തിരികെ വരില്ലെങ്കിൽ ഈ സംരംഭം നിർത്തണമെന്നതാണ് സോണിയുടെ തീരുമാനം.

17 വർഷമായി വൈറ്റിലയിൽ ലൈസൻസോഡ് ഹോസ്റ്റൽ നടത്തുന്ന സൂസൻ ചീരൻ എന്ന 71കാരി ഈ വർഷങ്ങളിൽ ഇത് ആദ്യമായിട്ടാണ് ഇത്രയും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് എന്ന് പറയുന്നു. വീടിന് മുകളിൽ ഇരു നിലകളിലായി നടത്തുന്ന ഗ്രീൻമഞ്ച് ഹോസ്റ്റലിൽ ഇപ്പോൾ ഒരു നിലയിൽ മാത്രമാണ് കുട്ടികളുള്ളത്. ആദ്യം ഒരു നിലയിൽ മാത്രം ആരംഭിച്ചിട്ട് കുട്ടികൾ നിരവധി വരുന്നു എന്ന് മനസ്സിലാക്കിയ സൂസൻ രണ്ടാമത് മുകളിലേക്ക് പണിത് അവിടെയും കുട്ടികൾക്ക് താമസിക്കാൻ സൗകര്യം ഒരുക്കി. 

അഞ്ച് വർഷമായി മുകളിലത്തെ നിലയിലേയ്ക്ക് കൂടെ ഹോസ്റ്റൽ തുറന്നിട്ട്. ലോക്ക്ഡൗൺ ആരംഭിച്ചത് കൊണ്ടാണ് ഇത്രയും പ്രതിസന്ധി നേരിടുന്നത് എന്നാണ് സൂസൻ പറയുന്നത്. ഇൻസ്റ്റിറ്റ്യൂട്ടുകൾ അടഞ്ഞതും വർക്ക് ഫ്രം ഹോം ആരംഭിച്ചതും കൊണ്ട് കുട്ടികൾ കുറഞ്ഞന്നും ഇതുമൂലം സ്റ്റാഫിന് ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും സൂസൻ പറയുന്നു. 

2020 ലോക്ക്ഡൗൺ സമയത്താണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിട്ടതെന്നും പിന്നീട് സ്ഥിതിഗതികൾ മെച്ചമായി വന്നപ്പോഴാണ് വീണ്ടും ലോക്ക്ഡൗൺ കാര്യങ്ങൾ പ്രതിസന്ധിയിലായതെന്നും സൂസൻ പറഞ്ഞു. രണ്ട് നിലകളിലായി ഇരുപത്തി നാല് കുട്ടികൾക്കുള്ള സ്ഥലമാണ് ഗ്രീൻമഞ്ചിലുള്ളത്. പക്ഷേ, ഇപ്പോൾ ഒരു നിലയിൽ കുറച്ച് കുട്ടികൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. 

ലാഭം വരുന്നില്ലെന്ന് മാത്രമല്ല ചിലവുകൾ നടന്ന് പോകാൻ തന്നെ ഈ അവസരത്തിൽ ബുദ്ധിമുട്ടാണ് എന്ന് സൂസൻ പറയുന്നു. ഹോസ്റ്റലിന് വേണ്ടി പണികഴിപ്പിച്ച കെട്ടിടമായതിനാൽ വാടകയ്ക്ക് കൊടുക്കാനും സാധിക്കില്ല. എന്നാൽ നിരവധിപേർ ഇപ്പോൾ ഹോസ്റ്റൽ ചോദിച്ച് വിളിക്കുന്നതുകൊണ്ട് തന്നെ പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കുമെന്നാണ് സൂസന്റെ ശുഭപ്രതീക്ഷ.

2017 മുതൽ വീടിനോട് ചേർന്ന് പഠന ആവശ്യത്തിനും ജോലി ചെയ്യുന്നവർക്കുമായി പേയിങ് ഗസ്റ്റ് സൗകര്യം ഒരുക്കുന്നവരാണ് ദീപ മണിക്കുട്ടൻ ദമ്പതികൾ. മൂന്ന് മുറികൾ 9 കുട്ടികളെ ഉൾക്കൊള്ളിച്ച് നടത്തി വന്ന വീടിനോട് ചേർന്നുള്ള സംരംഭം താമസക്കാർക്ക് ഗൃഹോചിതമായ താമസം നൽകാനാണ് ഇവർ ശ്രമിച്ച് കൊണ്ടിരുന്നത്. ചെറിയ രീതിയിലായതുകൊണ്ടുതന്നെ കോവിഡ് സമയത്ത് പിടിച്ച് നിൽക്കാൻ മറ്റുള്ളവരെപ്പോലെ ബുദ്ധിമുട്ടിയില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. 

മുറികളുടെ എണ്ണം രണ്ടാക്കിയാണ് ഇവിടെ ഇപ്പോൾ കുട്ടികളെ താമസിപ്പിച്ചിരിക്കുന്നത്. ഈ പ്രതിസന്ധി കാലത്തും പിടിച്ച് നിൽക്കാൻ പറ്റിയവർക്ക് തുടർന്നും പിടിച്ച് നിൽക്കാൻ സാധിക്കുമെന്നാണ് മണിക്കുട്ടൻ അഭിപ്രായപ്പെടുന്നത്. എന്നാൽ പാചകവാതക വില വർദ്ധന ബാധിച്ചതിനാൽ പാചകവാതകത്തിന്റെ ഉപയോഗം കുറച്ച് കൊണ്ട് അടുപ്പ് കൂട്ടിയാണ് ഇപ്പോൾ അമിത ചിലവ് നിയന്ത്രിക്കുന്നത്. 

ഭാവിയിൽ ഒന്നും സ്ഥിരമല്ല എന്നും മാറ്റങ്ങൾ സംഭവിച്ച് കൊണ്ട് ഇരിക്കുമെന്നും ആയതിനാൽ മാറ്റങ്ങൾ അനുസരിച്ച് വേഗം മാറാനുള്ള കഴിവ് മനുഷ്യർ സമ്പാദിക്കണമെന്നുമാണ് മണിക്കുട്ടൻ അഭിപ്രായപ്പെടുന്നത്. 

3 വർഷമായി ലൈസൻസോടെ പ്രവർത്തിക്കുന്ന പേയിങ് ഗസ്റ്റ് സൗകര്യമുള്ള വീടിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന ക്വീൻ മേരീസ് ലേഡീസ് ഹോസ്റ്റൽ വൈറ്റില സഹകരണ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. നിരവധി വിദ്യാർത്ഥികൾ ഇവിടെ താമസിച്ചതായി ഉടമസ്ഥൻ ഡിനു അഗസ്റ്റിൻ പറയുന്നു. ഗൃഹോചിതമായ അന്തരീക്ഷം സൃഷ്ടിച്ച് 3 മുറികളിലായി 12 കുട്ടികളെയാണ് ഇവിടെ താമസിപ്പിച്ചിരുന്നത്.

 എന്നാൽ നിലവിൽ ഇവിടെ ആകെ 3 പേർ മാത്രമാണുള്ളത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് രണ്ട് തവണയും ഹോസ്റ്റൽ അടച്ചിട്ടതായി ഡിനു പറയുന്നു. താമസക്കാരുടെ ആരോഗ്യം പരിഗണിച്ച് ഹോസ്പിറ്റൽ സൗകര്യങ്ങൾ നോക്കിയും ഒരു വാക്‌സിനേഷൻ എങ്കിലും നിർബന്ധം പറഞ്ഞുമാണ് ഇപ്പോൾ ഡിനു ഇവിടെ കുട്ടികളെ താമസിപ്പിക്കുന്നത്. ഈ ഒരു സംരംഭത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക് ലോക്ക്ഡൗണും കൊറോണ പ്രതിസന്ധിയും ജീവിതം പ്രയാസത്തിലാകുന്നു. 

വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രൈവറ്റ് സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്ന സ്ഥിതി തുടരുകയാണ്. ഇത് തുടർന്ന് പോകുകയാണെങ്കിൽ ചെറു സംരംഭകരായ ഹോസ്റ്റൽ പേയിങ് ഗസ്റ്റ് നടത്തിപ്പുകാരെ ഏറെ ബാധിക്കും. രണ്ട് ലോക്ക്ഡൗണിന് ശേഷം വാടകയ്ക്ക് കെട്ടിടം എടുത്ത് ഹോസ്റ്റൽ സംരംഭം നടത്തുന്ന നിരവധി പേർ നിർത്തി മറ്റ്‌ ജോലികളിലേക്ക് മടങ്ങി. ഭാവി ചോദ്യചിഹ്നമാകുന്ന മറ്റൊരു വിഭാഗമായി ഇവരും കേരളത്തിൽ നിലകൊള്ളുന്നു. 

Advertisement