Mon. Dec 23rd, 2024
കാസർകോട്:

ചന്ദ്രഗിരി ജംക‍്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ കണ്ണു ചിമ്മിയതും കണ്ടെയ്നർ ലോറി വഴി തെറ്റി എത്തിയതും കാസർകോട് ടൗണിലെ ഗതാഗതം താറുമാറാക്കി. ഇതോടെ കുടുങ്ങിയത് നൂറുകണക്കിനു വാഹനങ്ങളും യാത്രക്കാരും ആണ്. ഇന്നലെ 12 മണിയോടെയാണു തിരക്കേറിയ എംജി റോഡിലെ ചന്ദ്രഗിരി ജംക‍്ഷനിലെ ട്രാഫിക് സിഗ്നൽ തകരാറിലായത്.

തുടർന്നു ഈ പാതയിൽ ഗതാഗതം സ്തംഭനം തുടങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണു വാഹനങ്ങളുടെ പോക്കുവരവുകൾ നിയന്ത്രിച്ചത്. 4 ഭാഗങ്ങളിൽ നിന്നായി തലങ്ങും വിലങ്ങുമായി വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ പുതിയ ബസ് സ്റ്റാൻഡ് മുതൽ പഴയ ബസ് സ്റ്റാൻഡ് വരെയുള്ള ഇരുവരികളിലും വാഹനങ്ങളുടെ നീണ്ട നിരയായി. ചന്ദ്രഗിരി റോഡിലും നായ്കസ് റോഡിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

രോഗികളുമായി ആശുപത്രിയിലേക്കു പോയ ആംബുലൻസുകളും കുരുക്കിൽപ്പെട്ടുവെങ്കിലും ഡ്രൈവർമാർ വാഹനങ്ങൾ ഒതുക്കി കൊടുത്തതിനാൽ കടന്നുപോയി. പിന്നീട് ഏറെ സമയം കഴിഞ്ഞാണു സിഗ്നലിന്റെ തകരാറുകൾ പരിഹരിക്കാനായത്. ഇവിടെ ഉണ്ടായ ഗതാഗതകുരുക്ക് ടൗണിലെ മറ്റു റോഡുകളിലേക്കും ബാധിച്ചു.

ചന്ദ്രഗിരിപ്പാലം കെഎസ്ടിപി പാത വഴി പോകേണ്ട കണ്ടെയ്നൻ ലോറി വഴി തെറ്റി പഴയ ബസ് സ്റ്റാൻഡ് വഴി ട്രാഫിക് ജംക‍്ഷനിലൂടെ ബാങ്ക് റോഡിലെത്തിയതും പ്രശ്നമായി. ചന്ദ്രഗിരി ജംക‍്ഷനിൽ നിന്നു വഴി തെറ്റിയാണു പോകുന്നതെന്നു തിരിച്ചറിഞ്ഞു എങ്കിലും കണ്ടെയ്നർ തിരിക്കാൻ സൗകര്യമില്ലാത്തതിനാലാണു ട്രാഫിക് റോഡ് ജംക‍്ഷനിലൂടെ ബാങ്ക് റോഡിലെത്തിയത്.

പലയിടങ്ങളിലും വൈദ്യതി കമ്പികൾ തടസമായതു പരിഹരിക്കാൻ ബാങ്ക് റോഡിലെ ബിഎംഎസ് യൂണിയൻ അംഗങ്ങളായ ചുമട്ടുതൊഴിലാളികളും പൊലീസും വാഹനം ദേശീയപാതയിലേക്ക് എത്തുന്നവരെ കൂടെയുണ്ടായിരുന്നു. ലോറി ബാങ്ക് റോഡിൽ കുടുങ്ങിയതോടെ ഇതിലൂടെ പോകേണ്ട പല വാഹനങ്ങളും വഴി തിരിച്ചു വിട്ടു. ഏറെ സമയം കഴിഞ്ഞാണു നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിച്ചത്.