Fri. Nov 22nd, 2024
ഇരിട്ടി:

മത്സരയോട്ടംമാത്രമല്ല ഇരിട്ടിയിലെ ബസ്സുകാർ വേണ്ടെന്നുവച്ചത്‌. കിട്ടുന്നതിൽ പാതി പങ്കുവയ്‌ക്കാനുമാണവരുടെ തീരുമാനം. നഷ്ടം സഹിച്ചും നിലനിൽപ്പിന്‌ പാടുപെടുന്ന സ്വകാര്യ ബസ്‌ വ്യവസായം സംരക്ഷിക്കാനും ലാഭത്തിലൊരു വിഹിതം തീരെ കലക്‌ഷനില്ലാത്ത സഹപ്രവർത്തകർക്ക്‌ നൽകാനുമായി തലശേരി ഇരിട്ടി റൂട്ടിലെ ബസ്സുകാർ ചേർന്ന്‌ സൊസൈറ്റിതന്നെ രൂപീകരിച്ചു.

മത്സരയോട്ടത്തിലൂടെ കത്തിപ്പോവുന്ന അധിക ഇന്ധനച്ചെലവ്‌ ഇനി വെണ്ടെന്നാണ്‌ ഇവരുടെ തീരുമാനം. നാട്ടുകാരുടെ പഴിയും ശാപവും പേറാനും ഇനി ഇവരെ കിട്ടില്ല. ഓടിക്കിട്ടുന്ന ലാഭത്തിലൊരു പങ്ക്‌ കൂട്ടാളികൾക്ക്‌ നൽകും.

ഇരിട്ടിയിൽ സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ്‌ ബസ്സുകളുടെ കലഹവും മൽസരപ്പാച്ചിലും ഇനിയുണ്ടാവില്ലെന്ന്‌ ബസ്സുടമകൾ സ്വയം തീരുമാനിച്ചു. ഇരിട്ടി–തലശേരി റൂട്ടിലോടുന്ന നൽപ്പത്‌ ബസ്സുകൾക്കായാണ്‌ ഉടമകൾ സൊസൈറ്റി രൂപീകരിച്ചത്‌. വിദ്യാർത്ഥികളെ ആട്ടിയകറ്റുന്ന സമീപനവും സ്‌കൂൾ തുറക്കുന്ന മുറയ്‌ക്ക്‌ തിരുത്തുമെന്നാണ്‌ സൊസൈറ്റിയുടെ നിലപാട്‌.

ഓരോ ദിവസവും വിദ്യാർത്ഥികളെ കയറ്റാൻ ഊഴമിട്ട്‌ ബസ്സുകൾ നിശ്‌ചയിച്ച്‌ ഈ രംഗത്ത്‌ വിദ്യാർത്ഥികളുടെ സഹകരണവും ഉറപ്പാക്കും. കൊവിഡും മഹാ പ്രളയങ്ങളും ഉലച്ച സംരംഭങ്ങളിൽ മുഖ്യമാണ്‌ സ്വകാര്യ ബസ്‌ വ്യവസായം. ഇനി യോജിപ്പിന്റെയും സൗഹൃദത്തിന്റെയും റൂട്ടിലാവണം യാത്രയെന്ന്‌ തീരുമാനത്തിന്‌ പിന്നിൽ പൊലീസ്‌ അടക്കമുള്ള അധികൃതരുടെ പിന്തുണയുമുണ്ട്‌.

സൊസൈറ്റി തീരുമാന പ്രകാരം ബസ്സുകളുടെ ഏകീകൃത സർവീസിനും തുടക്കമായി. വരുമാനം പങ്കിട്ട്‌ നഷ്ടത്തിലോടുന്ന ബസ്സുകളെകൂടി സഹായിക്കുന്ന തരത്തിലാണ്‌ ഏകീകൃത സർവീസ്‌ ലക്ഷ്യമിടുന്നതെന്ന്‌ ഉടമകൾ അറിയിച്ചു. സർവീസും സൊസൈറ്റിയും ഡിവൈഎസ്‌പി പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. പി പി പോൾ അധ്യക്ഷനായി. അജയൻ പായം, പി ചന്ദ്രൻ, വി സന്ദീപ്, സത്യൻ കൊമ്മേരി എന്നിവർ സംസാരിച്ചു.