കണ്ണൂർ സിറ്റി:
അറക്കൽ സമുച്ചയത്തിന്റെ ഭാഗമായുള്ള ഗോഡൗൺ കെട്ടിടങ്ങൾ ഏറെക്കുറെ തകർന്നു തുടങ്ങിയിട്ടും സംരക്ഷണത്തിന് നടപടിയില്ലാതെ നാശത്തിന്റെ വക്കിൽ. സിറ്റി– ആയിക്കര റോഡിനോട് ചേർന്നുള്ള കെട്ടിടങ്ങളാണ് മേൽക്കൂരയും ഭിത്തികളും ഉൾപ്പെടെ തകർന്ന് നാമാവശേഷമാകുന്നത്. ചരിത്ര ശേഷിപ്പുകളുടെ ഭാഗമായുള്ള കെട്ടിടങ്ങളാണ് സംരക്ഷണമില്ലാതെ തകരുന്നത്.
അറക്കലിന്റെ വ്യാപാര വാണിജ്യ ആവശ്യങ്ങൾക്കായി ഗോഡൗണായി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങൾക്ക് 200 വർഷത്തോളം പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്. അറക്കൽ സ്വരൂപത്തിനു കീഴിലാണെങ്കിലും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള നിർദേശങ്ങൾ പല തവണ ഉയർന്നിരുന്നു. വകുപ്പ് മന്ത്രിമാരും അധികൃതരും സ്ഥലം സന്ദർശിച്ച് പ്രഖ്യാപനങ്ങൾ നടത്തുകയല്ലാതെ സംരക്ഷിക്കാനോ നിലവിലുള്ള സ്ഥിതിയിൽ അതേപടി നിലനിർത്താനോ ഉള്ള യാതൊരു നടപടികളും ഉണ്ടായില്ലെന്നാണ് ആക്ഷേപം.
ഈ സർക്കാർ അധികാരമേറ്റതിനു ശേഷം വകുപ്പ് മന്ത്രിയും സംഘവും സന്ദർശിച്ച് അറക്കൽ കെട്ട് സംരക്ഷിക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. തകർച്ചയിലായ കെട്ടിട ഭാഗങ്ങൾ അപകട ഭീഷണി ഉയർത്തുന്നതിനാൽ സംരക്ഷണത്തിന് അടിയന്തര ഇടപെടൽ ഉണ്ടാവേണ്ടതുണ്ട്. പലപ്പോഴും കാറ്റിലും മഴയത്തും മേൽക്കൂര ഉൾപ്പെടെ റോഡരികിലേക്ക് തകർന്നു വീഴുന്നത് വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും അപകട ഭീഷണിയാകുകയാണ്.
അറക്കൽ മ്യൂസിയം കെട്ടിടം സർക്കാർ ഏറ്റെടുത്തിരുന്നെങ്കിലും മറ്റു കെട്ടിടങ്ങൾ ഏറ്റെടുക്കുന്നതിലുള്ള എതിർപ്പുകൾ സംരക്ഷണ നടപടികൾക്ക് തടസ്സമാകുന്നതായാണ് ആക്ഷേപം. അറക്കലിന്റെയും സിറ്റിയുടെയും പ്രതാപം വിളിച്ചറിയിക്കുന്ന ചരിത്ര ശേഷിപ്പുകൾ അതേ പടി നിലനിർത്തി സംരക്ഷിക്കാനുള്ള നടപടികൾ ഇനിയും വൈകിക്കൂടാ.