Fri. Nov 22nd, 2024
പഴയങ്ങാടി:

ഏഴോം പൊടിത്തടത്തെ ഒന്നര ഏക്കറോളം വരുന്ന പാറപ്പുറത്താണ് പ്ലാന്റേഷൻ കോർപറേഷനിൽ നിന്നു വിരമിച്ച എൻ രാഘവന്റെ കൃഷിയിടവും വീടും. 10വർഷം മുൻപേ തുടങ്ങിയ പ്രയത്നമാണ് പാറപ്പുറം നല്ലൊരു കൃഷിയിടമാക്കിയത്. ചെറിയ കുഴികളെടുത്തു ചരൽമണ്ണ് നിറച്ചാണ് ജൈവകൃഷി നടത്തി വരുന്നത്.

വർഷകാലത്തും വേനലിലും വിവിധ ഇനം പച്ചക്കറി കൃഷിചെയ്യുന്നുണ്ട്.പാഷൻ ഫ്രൂട്ട് കൃഷിയാണ് ഇപ്പോൾ കൂടുതലായി ഉളളത്. അര ഏക്കറോളം സ്ഥലത്ത് പാഷൻ ഫ്രൂട്ട് നിറഞ്ഞ് വളരുന്നു.

ജൈവവളം ഉപയോഗിച്ചാണ് കൃഷി. പാഷൻ ഫ്രൂട്ട് കൃഷിക്കൊപ്പം മുന്തിരി കൃഷിയുമുണ്ട്. കൂടാതെ നാൽപത് ഇനത്തിൽപ്പെട്ട മാവുകൾ, മഞ്ഞൾകൃഷി, കുഞ്ഞല്ല്, രക്തശാലി, ഞവര എന്നീ ഔഷധ നെൽക്കൃഷിയും.

മുരിങ്ങ, റംബൂട്ടാൻ, മധുരനാരങ്ങ, ചെറുനാരങ്ങ, വിവിധ ഇനം പ്ലാവുകൾ, തെങ്ങ്, കശുമാവ്, കുരുമുളക്, മരച്ചീനി, ചേമ്പ്, മധുരകിഴങ്ങ്, പപ്പായ, മത്സ്യകൃഷിയും രാഘവന്റെ കൃഷിയിടത്തിലുണ്ട്.2016ൽ ജില്ലയിലെ മികച്ച കർഷകനുളള അവാർഡ് രാഘവന് ലഭിച്ചിട്ടുണ്ട്. രാഘവന്റെ കൃഷി രീതിയെ കുറിച്ച് പഠിക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് കൃഷി മേഖലയിലുളളവർ എത്താറുണ്ട്.

പാഷൻ ഫ്രൂട്ട് വിൽപന നടത്തി ബാക്കി വരുന്നത് സ്ക്വാഷാക്കിയും വിപണിയിലെത്തിക്കുന്നുണ്ട്. രാവിലെ മുതൽ ഉച്ചവരെ രാഘവൻ തന്റെ കൃഷിയിടത്തിൽ സജീവമാണ്. കൂടുതൽ ജോലിയും ഒറ്റയ്ക്ക് തന്നെയാണ് ചെയ്യുന്നത്. ഭാര്യയും മക്കളും സഹായത്തിനുണ്ട്.