Fri. Nov 22nd, 2024
കോഴിക്കോട്:

നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ പരിശോധനക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്. നിലവിൽ ഹൈറിസ്ക് വിഭാ​ഗത്തിൽ പെടുത്തിയ 20പേർ ഉൾപ്പെടെ 188പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഈ പട്ടിക ഇനിയും ഉയർന്നേക്കാം.

സമ്പർക്കപ്പട്ടികയിലുൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. രോ​ഗ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ് . മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. ഇതിന് നിപയുമായി ബന്ധമില്ലെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി

മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോ​ഗ്യ പ്രവർത്തകരും ലക്ഷണങ്ങളോടെ ചികിൽസയിലാണ്. ഇവരുടെ നില ​ഗുരുതരമല്ല.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്രവ പരിശോധനക്കായി വൈറോളജി ലാബ് സജ്ജീകരിക്കുകയാണ്. ഇതിനായി പ്രത്യേക സംവിധാനമൊരുക്കാമെന്ന് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും അറിയിച്ചിരുന്നു.

നിപ ചികിൽസയിലും പ്രതിരോധത്തിലും ആരോ​ഗ്യ പ്രവർത്തകർക്ക് പരിശീലനം ഇന്ന് മുതൽ തുടങ്ങും. നിപ ചികിത്സ മെഡിക്കൽ കോളജ് ആശുപത്രിയുടെ മറ്റ് ചികിൽസകളെ ബാധിക്കില്ല. ആശുപത്രിയിലേക്ക് കൂടുതൽ ആരോ​ഗ്യ പ്രവർത്തകരെ ഏർപ്പെടുത്താനുള്ള നടപടി തുടങ്ങിയെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ് കോഴിക്കോട് പറഞ്ഞു.