Mon. Dec 23rd, 2024
കോഴിക്കോട്:

കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികൾ. നൂറ്റി അമ്പത്തിരണ്ടര ഏക്കർ ഭൂമിയാണ് വിമാനത്താവള വികസനത്തിനായി എയർപോർട്ട് അതോറിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇനിയും ഭൂമി വിട്ട് നൽകാനാകില്ലെന്ന നിലപാടിലാണ് ഭൂമി ഏറ്റെടുക്കലിനെതിരെ രൂപീകരിച്ച സമര സമിതി.

പുതിയ ടെർമിനൽ നിർമാണത്തിനായി 137 ഏക്കറും ഇതോടനുബന്ധിച്ചുള്ള കാർ പാർക്കിംഗിനായി 15.25 ഏക്കറും ഭൂമിയാണ് എയർപോർട് അതോറിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ ടെർമിനൽ, റൺവേ വികസനം, വിമാനങ്ങൾ നിർത്തിയിടുന്ന ഏപ്രൺ തുടങ്ങിയ പദ്ധതികൾക്കായി നൂറേക്കറിൽ താഴെ ഭൂമി ഏറ്റെടുത്ത് വികസനം നടത്താമെന്ന ബദൽ നിർദേശം പരിഗണിക്കാതെയാണ് 152.5 ഏക്കർ ഭൂമി അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി പള്ളിക്കൽ പഞ്ചായത്തിൽ മാത്രം 137 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടി വരും.

പഞ്ചായത്തിലെ മൂന്ന് വാർഡുകളിലായി 600 ഓളം കുടുംബങ്ങളുടെ കൈവശമുള്ള ഭൂമി നഷ്ടപ്പെടും.
വിമാനത്താവളത്തിനായി ഒന്നിലേറെ തവണ കിടപ്പാടം ഉപേക്ഷിച്ചവരാണെന്നും ഇനിയും വീട് വിട്ടിറങ്ങില്ലെന്നുമാണ് പ്രദേശവാസികളുടെ നിലപാട്. വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരം ആരംഭിക്കാനുമാണ് ഭൂമി ഏറ്റെടുക്കലിനെതിരെ രൂപീകരിച്ച കൂട്ടായ്മയുടെ തീരുമാനം.