Wed. Jan 22nd, 2025
എടവക:

രണ്ട്‌ കുടിവെള്ള പദ്ധതികളുടെ വിജയഗാഥയുടെ സ്മരണകളിലാണ് എടവകയെന്ന നാടും നാട്ടുകാരും. പുളിഞ്ഞാമ്പറ്റയിലെയും പുതിയിടംകുന്നിലെയും കുടിവെള്ള പദ്ധതികൾ എടവക പഞ്ചായത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മഹത്തായ മാതൃകകളാണ്‌.ജനകീയാസൂത്രണത്തിന്റെ തുടക്കത്തിൽ തന്നെ എടവകയിൽ ഉയർന്നുവന്ന പ്രധാനപ്പെട്ട പ്രശ്നമായിരുന്നു കുടിവെള്ള പ്രശ്നം.

പുതിയിടംകുന്ന്, പുളിഞ്ഞാമ്പറ്റ എന്നീ പ്രദേശങ്ങളിലാണ് മുഖ്യമായും കുടിവെള്ളപ്രശ്നം ഉയർന്നുവന്നത്. അക്കാലത്ത് പഞ്ചായത്തിന്റെ സമഗ്രവികസന റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ട്രാൻസെക്ട് വാക് പദ്ധതിയിലാണ് പഞ്ചായത്തിലെ കുടിവെള്ളപ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തിയത്.കല്ലോടി ടൗണിനോട് ചേർന്ന് കുന്നിൻ മുകളിൽ കണ്ടെത്തിയ പ്രകൃതിദത്ത നീരുറവ പുളിഞ്ഞാമ്പറ്റ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഉപയോഗിക്കാമെന്ന് ഇ എം ശങ്കരന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു.

നീരുറവ സാന്നിധ്യമുള്ള കുന്നിൻ മുകളിലുള്ള വെള്ളം പൈപ്പ് വഴി മറ്റൊരു ഉയരം കൂടിയ പ്രദേശത്ത് നിർമിച്ച സംഭരണിയിൽ എത്തിച്ച് ആവശ്യക്കാർക്ക് വിതരണംചെയ്യുന്ന പദ്ധതിയാണ് പുളിഞ്ഞാമ്പറ്റ പ്രകൃതിദത്ത നീരുറവ കുടിവെള്ള പദ്ധതി. ടി ഉസ്മാൻ ചെയർമാനായ വിദഗ്ധസമിതി കുടിവെള്ള പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി പദ്ധതി പൂർത്തീകരിച്ചു. പദ്ധതിയുടെ ഭാഗമായ വാട്ടർ ടാങ്ക് നിർമാണം, പൈപ്പ് സ്ഥാപിക്കൽ എന്നിവ ഗുണഭോക്തൃ സമിതി ഏറ്റെടുത്തു നടത്തി.

അക്കാലത്ത് എല്ലാ വീടുകളിലേക്കും കുടിവെള്ള കണക്‌ഷൻ എത്തിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ 150 മീറ്റർ ഇടവിട്ട് ടാപ് സ്ഥാപിച്ചു. നിലവിൽ പതിനേഴ് കുടുംബങ്ങൾ പുളിഞ്ഞാമ്പറ്റ പ്രകൃതിദത്ത നീരുറവ കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ജനകീയാസൂത്രണ കാലത്ത് പ്രകൃതിജലം കൃത്യമായി ഉപയോഗപ്പെടുത്തിയ ജില്ലയിലെ ആദ്യത്തെ കുടിവെള്ള പദ്ധതികൂടിയാണ് പുളിഞ്ഞാമ്പറ്റയിലെ കുടിവെള്ള പദ്ധതി.

എടവക പഞ്ചായത്തിലെ ജനകീയാസൂത്രണത്തിന്റെ മറ്റൊരു ഉത്തമ ഉദാഹരണമാണ് പുതിയിടംക്കുന്ന് കുടിവെള്ള പദ്ധതി. കുന്നിന്റെ താഴെ വയലിൽ കിണർ നിർമിച്ച്‌ മോട്ടോർ ഉപയോഗിച്ച് കുന്നിൻ മുകളിൽ സ്ഥാപിച്ച ടാങ്കിൽ വെള്ളമെത്തിച്ച് വിതരണംചെയ്യുന്ന പദ്ധതിയാണിത്. നിലവിൽ 19 കുടുംബങ്ങൾ പുതിയിടംകുന്ന് കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളാണ്.