Mon. Dec 23rd, 2024
തിരുവനന്തപുരം:

നഗരസഭ സംരക്ഷിക്കാന്‍ ഏല്‍പ്പിച്ച പശുക്കളെ പരിപാലിക്കാന്‍ പണമില്ലാതെ വലഞ്ഞ് ക്ഷീര കര്‍ഷകന്‍. തിരുവനന്തപുരത്തെ സ്വകാര്യ ട്രസ്റ്റ് നടത്തിയിരുന്ന ഗോശാലയില്‍ നിന്നും ഏറ്റെടുത്ത പശുക്കളെ ആര്യനാട് ഫാം നടത്തുന്ന മുഹമ്മദ് അസ്‌കറിനാണ് സംരക്ഷിക്കാന്‍ കൈമാറിയത്. നഗരസഭ വാഗ്ദാനമെല്ലാം മറന്നതോടെ പശുക്കളെ തീറ്റിപോറ്റാന്‍ ഇപ്പോള്‍ അധികൃതറുടെ കാലുപിടിക്കേണ്ട ഗതികേടിലാണ് മുഹമ്മദ് അസ്‌ക്കര്‍.

കിഴക്കേകോട്ടയില്‍ സ്വകാര്യ ട്രസ്റ്റില്‍ കീഴില്‍ സംരക്ഷണമില്ലാതെ കിടന്ന പശുക്കളെയാണ് കോടതി ഉത്തരവ് അനുസരിച്ച് നഗരസഭ ഏറ്റെടുത്തത്. നഗരസഭയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഫാം ഉടമയായ മുഹമ്മദ് അസ്‌കറിന് 34 പശുക്കളെ സംരക്ഷണം ഏറ്റെടുത്തത്.

പശുക്കള്‍ക്കുവേണ്ട ആഹാരം, ഡോക്ടറുടെ സേവനമെല്ലാം, ഫാം വാടക എന്നിവ നഗരസഭ വാഗ്‌ദാനം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പശുക്കളെ കൈമാറിയത്. നഗരസഭ മുന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐപി ബിനു സ്വകാര്യ വ്യക്തികളില്‍ നിന്നൊക്കെ സാമ്പത്തിക സഹായം വാങ്ങി ആദ്യ കാലത്ത് പശുക്കള്‍ക്കുള്ള പണം നല്‍കി. പുതിയ നഗരസഭ ഇപ്പോള്‍ തിരിഞ്ഞുനോക്കുന്നില്ല.

മാസത്തിലൊരുക്കിലെത്തുന്ന ഡോക്ടര്‍ കുറിച്ചു കൊടുക്കുന്ന മരുന്നും അസ്‌ക്കര്‍ വാങ്ങണം. ദിവസവും 3500 രൂപവേണമെന്ന് അസ്‌ക്കര്‍ പറയുന്നു. പല പ്രാവശ്യം നഗസഭ അധികൃതരുടെ കാലുപിടിച്ചിട്ടും സഹായമെത്തുന്നില്ല. നഗരസഭയെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങി കടം കയറി ക്ഷീരകര്‍ഷകന്‍ ഇനി എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്.