Mon. Dec 23rd, 2024
കിളിമാനൂർ:

വാട്ടർ അതോറിറ്റി കരാർ ജീവനക്കാരൻ ആവശ്യപ്പെട്ട 1000 രൂപ കൈക്കൂലി കൊടുക്കാത്തതിൻ്റെ പേരിൽ വീട്ടിലെ കുടിവെള്ള കണക്ഷൻ വിഛേദിച്ചതായി പരാതി. സംഭവത്തെ തുടർന്ന് വാട്ടർ അതോറിറ്റി ഓഫീസിലും കൺട്രോൾ റൂമിലും അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്ന് മന്ത്രിയെ ഫോണിൽ വിളിച്ച് പരാതി നൽകി.

നഗരൂർ പഞ്ചായത്തിൽ ആറാം വാർഡ് സൂദാ മൻസിലിൽ ഷംസുദ്ദീൻ ആണ് പരാതിയുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ 4 ന് രാവിലെയാണ് വീടിന് സമീപത്തെ വാട്ടർ കണക്ഷൻ പൈപ്പ് ലൈൻ ശരിയാക്കുന്നതിനിടയിൽ കരാർ തൊഴിലാളി 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പണം കൊടുക്കാതായപ്പോൾ വീട്ടിലേക്കുള്ള കണക്ഷൻ വിഛേദിച്ച് കരാർ തൊഴിലാളി പോയി.

തുടർന്ന് 1916 ടോൾ ഫ്രീ നമ്പരിൽ വാട്ടർ അതോറിട്ടി കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് 242449 എന്ന ക്രമ നമ്പരിൽ പരാതി രേഖപ്പെടുത്തി. എന്നാൽ, നടപടിയൊന്നും ഉണ്ടായില്ല. തുടർന്ന് വകുപ്പ് മന്ത്രിയെ നേരിട്ട് ഫോണിൽ വിളിച്ച് പരാതി നൽകുകയും മന്ത്രിയുടെ നിർദേശാനുസരണം വിവരങ്ങൾ മെസേജ് നൽകുകയും ചെയ്​തു.

ഞായറാഴ്ച രാവിലെ കൺട്രോൾ റൂമിൽ നിന്നും വിളിച്ച് വാട്ടർ അതോറിട്ടി എ ഇ വിളിക്കുമെന്നും പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്നും അറിയിച്ചു. എന്നാൽ എ ഇ ഓഫീസിൽ നിന്നും യാതൊരു നടപടിയുമുണ്ടായില്ല.

15 വർഷത്തോളമായി വാട്ടർ കണക്ഷൻ ഉള്ള ആളാണ് താനെന്നും ഒരു രൂപപോലും കുടിശ്ശിക ഇല്ലെന്നും, തുക അഡ്വാൻസ് ആയി അടക്കുന്നയാളാണ് താനെന്നും ഷംസുദ്ദീൻ പറഞ്ഞു. കൈക്കൂലി നൽകാത്തതിൻ്റെ പേരിൽ തൻ്റെ കുടിവെള്ള കണക്ഷൻ വിഛേദിച്ചയാൾക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പരാതിയിൽ പറയുന്നു.