Sat. Nov 23rd, 2024
കാസർകോട്‌:

കൂറ്റനാട്‌-മംഗളൂരു പ്രകൃതിവാതക ഗെയിൽ പൈപ്പ്‌ ലൈൻ പൂർത്തിയാവുന്നു. കഴിഞ്ഞ ജനുവരിയിൽ നാടിന്‌ സമർപ്പിച്ചെങ്കിലും ചന്ദ്രഗിരിപുഴയിലുടെ താൽക്കാലിക പൈപ്പിട്ടായിരുന്നു പൂർത്തിയാക്കിയത്‌. അന്ന്‌ ഇട്ട ആറിഞ്ച്‌ പൈപ്പിന്‌ പകരം 24 ഇഞ്ച്‌ പൈപ്പാണ്‌ പുതുതായി സ്ഥാപിച്ചത്‌.

ചന്ദ്രഗിരിപ്പുഴയുടെയും ഇരുഭാഗത്തുമുള്ള കുന്നുകളുടെയും അടിത്തട്ടിലൂടെ പൈപ്പ്‌ സ്ഥാപിക്കാനായിരുന്നു ശ്രമിച്ചത്‌. മാണിയടുക്കത്ത്‌ നിന്ന്‌ ബേവിഞ്ച കുന്നിൻ മുകളിലേക്ക്‌ കഴിഞ്ഞ വർഷം 24 ഇഞ്ച്‌ പെപ്പ്‌ കടത്തിവിട്ടെങ്കിലും അവസാന ഘട്ടത്തിൽ കുരുങ്ങി നിന്നു. അത്‌ ശരിയാക്കാനാവാതെ വന്നപ്പോഴാണ്‌ ആറിഞ്ച്‌ പെപ്പിട്ടു കമ്മീഷൻ ചെയ്‌തത്‌.

ഒരു വർഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിലാണ്‌ ചന്ദ്രഗിരിപ്പുഴയുടെ അടിത്തട്ടിലൂടെ 24 ഇഞ്ച്‌ പൈപ്പ്‌ തന്നെയിട്ടു ലക്ഷ്യത്തിലെത്തിച്ചത്‌. അന്ന്‌ താൽകാലികമായി ഒന്നര കിലോമീറ്ററോളം ഇട്ട ആറ്‌ ഇഞ്ച്‌ പൈപ്പുകൾ മാറ്റി വലിപ്പം കൂടിയ പൈപ്പ്‌ സ്ഥാപിക്കുകയാണിപ്പോൾ. അതിന്‌ ശേഷം ചെറിയ പൈപ്പുകൾ വിഛേദിച്ചു പുതിയവയുമായി ബന്ധിപ്പിക്കും.

ശേഷം വീടുകളിലേക്ക്‌ പാചകവാതകം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസിന്റെ കേന്ദ്രവുമായി 600 മീറ്റർ പൈപ്പിട്ടു ബന്ധിപ്പിക്കും.മടിക്കൈ പഞ്ചായത്തിലെ കോട്ടപ്പാറയിലെ ഗെയിൽ വാൽവ് സ്റ്റേഷനിൽ നിന്ന് 300 മീറ്റർ അകലെ നെല്ലിത്തറയിൽ സ്ഥാപിക്കുന്ന അദാനി ഗ്രൂപ്പിന്റെ സ്റ്റേഷനിലാണ്ആദ്യ കണക്‌ഷൻ. തുടർന്ന് മാവുങ്കൽ, മൂലക്കണ്ടം, വെള്ളിക്കോത്ത് വഴി മഡിയനിലെ കെഎസ്ടിപി റോഡിലെത്തിച്ച് കാഞ്ഞങ്ങാട് സൗത്ത് വരെ തെക്കോട്ടും ചാമുണ്ഡികുന്ന് വരെ വടക്കോട്ടുമായി 19 കിലോമീറ്റർ ദൂരത്തിലാണ് ആദ്യ ഘട്ടം സിറ്റിഗ്യാസ് വീടുകളിൽ എത്തിക്കുക പെപ്പിടൽ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ ഓയിൽ– അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐഒഎജിപിഎൽ) അധികൃതർ അറിയിച്ചു.

റോഡുകൾ കുറുകെ മുറിച്ച് പൈപ്പുകൾ ബന്ധിപ്പിക്കാനുള്ള അനുമതി ലഭ്യമാകുന്നതോടെ വേഗത്തിലാവും. കെഎസ്ടിപിപാതയുടെ ഒരുഭാഗത്തുകൂടി ഒരുമീറ്റർ ആഴത്തിലാണ്‌ പൈപ്പ്‌ ലൈൻ പോകുന്നത്.
ജില്ലയിലെ സ്റ്റേഷനിൽ നിന്ന്‌ മർദ്ദം കുറച്ചാണ് വീടുകളിലേക്ക്‌ പാചകവാതകം നൽകുക.

പൊതു പൈപ്പിൽനിന്ന് വീടുകളിലേക്കുള്ള കണക്ഷൻ 15 മീറ്റർവരെ സൗജന്യമാണ്‌. ഉപയോഗിക്കുന്നതിന്‌മാത്രം വില നൽകിയാൽ മതി. 24 മണിക്കൂറും ലഭ്യമാകും.എൽപിജി പാചകവാതകത്തെക്കാൾ വില വളരെ കുറയും