Mon. Dec 23rd, 2024
വയനാട്:

കൃഷി ആവശ്യങ്ങൾക്കായി അതിർത്തി കടക്കുന്ന കർഷകരുടെ ദേഹത്ത് സീൽ പതിക്കുന്ന കർണാടക സർക്കാരിന്റെ വിചിത്ര നടപടി നിർത്താൻ നിർദേശം. മൈസുരു ജില്ലാ ഭരണകൂടമാണ് നിർദേശം നൽകിയതെന്ന് വയനാട് ജില്ലാ കളക്‌ടർ അറിയിച്ചു. മാനന്തവാടി – മൈസൂർ റോഡിലെ ബാവലി ചെക്ക്പോസ്റ്റിലായിരുന്നു കർഷകർക്കെതിരെയുള്ള വിചിത്ര നടപടി. യാത്രക്കാരുടെ കൈയിലാണ് തീയതി രേഖപ്പെടുത്തിയ മുദ്ര പതിപ്പിക്കുന്നത്.

കർണാടകയിലെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റീൻ നടപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു സീൽ പതിക്കൽ നടപടി. വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ചാണ് കർഷകരുടെ ദേഹത്ത് സീൽ പതിച്ചിരുന്നത്. കർണാടകയുടെ നടപടിക്കെതിരെ മാനന്തവാടി എം എൽ എ, ഓ ആർ കേളു മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

അതേസമയം, കേരളത്തിൽ നിന്നെത്തുന്ന എല്ലാവർക്കും 7 ദിവസത്തെ ക്വാറന്റീൻ കർണാടക സർക്കാർ നിർബന്ധമാക്കി. രണ്ട് ശതമാനത്തിൽ കൂടുതൽ ആളുകൾ കൊവിഡ് ബാധിതരാകുന്ന വിദ്യാഭ്യാസ, തൊഴിൽ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ വ്യക്തമാക്കി. കൊവിഡ് പ്രൊട്ടോക്കോൾ പാലിക്കാത്ത കോലാറിലെ നഴ്സിം​ഗ് സ്ഥാപനത്തിനെതിരെ നടപടിയെടുത്തുവെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

അറുപതോളം മലയാളി വിദ്യാർത്ഥികൾക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞയാഴ്ചയാണ് കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടക നിർബന്ധിത ക്വാറൻ്റീൻ ഏർപ്പെടുത്തുന്നത്. കേരളത്തിൽ നിന്നും വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ നടപ്പാക്കണമെന്നാണ് വിദഗ്‌ധ സമിതിയുടെ ശുപാർശ. ഇവരെ ഏഴ് ദിവസം സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്‌ധ സമിതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.