Sat. Nov 23rd, 2024
മട്ടന്നൂർ:

കണ്ണൂർ വിമാനത്താവളത്തിൽ നിന്നു രാജ്യാന്തര ചരക്കു നീക്കം ആരംഭിക്കുന്നതിന് മുന്നോടിയായി കാർഗോ ‘ട്രയൽ റൺ’ ഉടൻ ആരംഭിക്കുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. കസ്റ്റംസ് ചീഫ് കമ്മിഷണർ ശ്യാം രാജ് പ്രസാദ്, കമ്മിഷണർ രാജേന്ദ്ര കുമാർ, ജോയിന്റ് കമ്മിഷണർ മനീഷ് വിജയ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിമാനത്താവളത്തിൽ ഒരുക്കിയ സൗകര്യത്തിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തി.കിയാൽ സിഒ എം സുഭാഷ്, എക്സിക്യൂട്ടീവ് ഡയറക്ടർ (എൻജിനീയറിങ്) കെ പി ജോസ്, ഓപ്പറേഷൻസ് ഹെഡ് രാജേഷ് പൊതുവാൾ, ചീഫ് സെക്യൂരിറ്റി ഓഫിസർ വേലായുധൻ മണിയറ, കസ്റ്റംസ് അസി കമ്മിഷണർമാരായ ഇ വികാസ്, മുഹമ്മദ് ഫായിസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

എയർ കാർഗോ വിഭാഗത്തിലേക്ക് 9 കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയമിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇവരെല്ലാം അടുത്ത ദിവസങ്ങളിൽ ജോലിയിൽ പ്രവേശിക്കും.തുടർന്നായിരിക്കും 10 ദിവസത്തോളം നീളുന്ന ട്രയൽ റൺ.

കാർഗോ കെട്ടിടത്തിൽ ഒരുക്കിയ സൗകര്യങ്ങളാണ് ട്രയൽ റൺ സമയത്ത് പരിശോധിക്കുക. ചരക്കുകൾക്ക് പകരം ഡമ്മി ഉപയോഗിച്ചാണ് ട്രയൽ റൺ നടത്തുക. ഡോക്യുമെന്റേഷൻ, വിവിധ ഏജൻസികളുടെ അനുമതി, പാക്കിങ് സൗകര്യം, വിവിധ സംവിധാനങ്ങളുടെ കാര്യക്ഷമത എന്നിവ പരിശോധിക്കും.

ട്രയൽ റൺ പൂർത്തിയാകുന്നതോടെ ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച് (ഇഡിഐ) സൗകര്യം വിമാനത്താവളത്തിൽ ലഭ്യമാവും. ഈ മാസം തന്നെ രാജ്യാന്തര ചരക്കു നീക്കം ആരംഭിക്കാൻ കഴിയുമെന്നാണ് കിയാൽ അധിക‍ൃതർ പ്രതീക്ഷിക്കുന്നത്. ‍