ഫറോക്ക്:
മത്സ്യ ദൗർലഭ്യത്താൽ മലബാറിലെ തീരമേഖലയിൽ വൻ പ്രതിസന്ധി. ട്രോളിങ് നിരോധനം കഴിഞ്ഞ് കൂടുതൽ മീൻ ലഭിക്കേണ്ട കാലയളവിലും ഇന്ധനച്ചെലവിനുപോലുമുള്ള വരുമാനം കിട്ടാതെ മത്സ്യത്തൊഴിലാളികൾ വലയുന്നു. മീൻ കിട്ടാതായതോടെ ബോട്ടുകളും വള്ളങ്ങളും കൂട്ടത്തോടെ കര പറ്റി.
ഇതോടെ ആയിരങ്ങൾക്കാണ് ജോലിയും വരുമാനവുമില്ലാതായത്.കടലിലെ കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം അയൽ സംസ്ഥാനങ്ങളിലെ കൂറ്റൻ ബോട്ടുകളുടെ അനിയന്ത്രിതമായ മീൻപിടിത്തവും ചെറിയൊരു വിഭാഗത്തിന്റെ അശാസ്ത്രീയ ഇടപെടലുകളുമാണ് മത്സ്യസമ്പത്ത് കുറയാനിടയാക്കിയത്.മീൻ കിട്ടാതായതോടെയാണ് യാനങ്ങൾ കടലിലിറക്കാതായത്.
മത്സ്യബന്ധന തുറമുഖമായ ബേപ്പൂരിൽ അറുന്നൂറിലേറെ ബോട്ടുകളിൽ ചുരുക്കം ചിലത് മാത്രമാണിപ്പോൾ കടലിലിറങ്ങുന്നത്.മത്സ്യമേഖലയിലെ സാമ്പത്തിക പ്രതിസന്ധി ആയിരങ്ങളെയാണ് പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കൊപ്പം ഹാർബർ, ഫിഷ് ലാൻഡിങ് സെന്ററുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലെ ലേലക്കാരുൾപ്പെടെ എല്ലാവരുടെയും വരുമാനം നിലച്ചു.
പത്തും പതിനഞ്ചും തൊഴിലാളികളുള്ള ഒരു ബോട്ടിന് ദിവസം ഒരു ലക്ഷത്തോളം രൂപ ചെലവുണ്ട്.ആഴ്ചകളോളം ആഴക്കടലിൽ തമ്പടിച്ചിട്ടും ഇന്ധനച്ചെലവുപോലും ലഭിക്കാതെ കനത്ത നഷ്ടം പതിവായതിനാൽ ബോട്ടും വള്ളവുമിറക്കാൻ ഉടമകളും മടിക്കുന്നു.പരമ്പരാഗത വള്ളങ്ങളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല.
കടുത്ത പ്രതിസന്ധിയിലേക്കാണ് മത്സ്യമേഖല നീങ്ങുന്നതെന്ന് ബേപ്പൂർ ഫിഷിങ് ഹാർബർ ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ നേതാക്കൾ പറഞ്ഞു.വൻ തുക വായ്പയെടുത്ത് വള്ളവും ബോട്ടുകളുമിറക്കിയവർ കടക്കെണിയിലാണ്. ധാരാളമായി ലഭിച്ചിരുന്ന മത്തി തീർത്തും അപ്രത്യക്ഷമായി. അയല, മാന്തൾ, മുള്ളൻ തുടങ്ങിയ മത്സ്യങ്ങളും കിട്ടാതായി.