ചെറുവത്തൂർ:
പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ പരീക്ഷണം ഗ്രാമങ്ങളിലേക്കും. ലോകത്ത് ആദ്യമായി സങ്കരയിനം തെങ്ങിൻ തൈ വികസിപ്പിച്ചെടുത്ത പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ പരീക്ഷണങ്ങളാണ് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. പരാഗണം നടത്തിയാണ് കേന്ദ്രത്തിൽ സങ്കരയിനം തെങ്ങിൻ തൈകൾ വികസിപ്പിക്കുന്നത്.
അത്യുൽപാദനശേഷി, രോഗപ്രതിരോധശേഷി എന്നിവയാണ് തെങ്ങിനങ്ങളുടെ പ്രത്യേകത. എന്നാൽ, പരപരാഗണം നടത്താനുള്ള മാതൃവൃക്ഷങ്ങൾ ഗവേഷണ കേന്ദ്രത്തിൽ കുറഞ്ഞതോടെയാണ് മികച്ചവ കണ്ടെത്താനായി ഗ്രാമങ്ങളിലേക്കിറങ്ങുന്നത്.കർഷക പങ്കാളിത്തത്തോടെ സങ്കരയിനം വിത്തുതേങ്ങകൾ ഉല്പാദിപ്പിക്കുന്ന പരിപാടിക്ക് വ്യാഴാഴ്ച വലിയപറമ്പ് പഞ്ചായത്തിൽ തുടക്കമാകും.
തുടർന്ന് വിവിധ ജില്ലകളിലേക്ക് ഈ പരീക്ഷണം വ്യാപിപ്പിക്കും. കേരഗംഗ, ലക്ഷഗംഗ, അനന്തഗംഗ, കേര സൗഭാഗ്യ തുടങ്ങിയ തെങ്ങിനങ്ങൾ പിലിക്കോട്ട് വികസിപ്പിച്ചവയാണ്. ഇവയുടെ വിപണനോദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് എം. രാജഗോപാലൻ എം എൽ എ നിർവഹിക്കും.