കണ്ണൂർ:
വെള്ളച്ചാട്ടങ്ങളും ആകാശംമുട്ടെ ഉയരത്തില്‍നിന്നുള്ള മനോഹര ദൃശ്യങ്ങളുംനിറഞ്ഞ് കാഴ്‌ചക്കാരെ ആകർഷിക്കുന്ന പൈതൽമലയും പാലക്കയംതട്ടും ഉത്തരമലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറുന്നു. ഇരുസ്ഥലങ്ങളെയും സംയോജിപ്പിച്ച് ടൂറിസം സർക്യൂട്ട് വികസിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ജോൺ ബ്രിട്ടാസ് എംപിയുടെ നിർദേശങ്ങളെ മുൻനിർത്തിയുള്ള ചർച്ചയിലാണ് തീരുമാനം.
ട്രക്കിങ്ങും പക്ഷിനിരീക്ഷണവുമാണ് പൈതൽ മലയുടെ മുഖ്യ ആകര്‍ഷണം. കോടമഞ്ഞും തണുത്ത ഇളംകാറ്റും അപൂര്‍വയിനം ശലഭങ്ങളും പ്രകൃതി ആസ്വാദകര്‍ക്കും വിരുന്നൊരുക്കുന്നു.പൈതൽ മലയുടെ താഴ്വാരത്തിലെ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരവകുപ്പിന്റെ പദ്ധതി നിലവിലുണ്ട്.
മല വനംവകുപ്പിന്റെ അധീനതയിലായതിനാൽ വിനോദസഞ്ചാര വകുപ്പിന്റെ സ്വന്തം പദ്ധതികളില്ല. വനംവകുപ്പിൽ നിന്ന് നിയന്ത്രിതാനുമതിയിൽ സ്ഥലം ഏറ്റെടുത്ത് ഇക്കോ ടൂറിസം കേന്ദ്രമായി പദ്ധതി രൂപീകരിക്കും. സ്വാഭാവിക വനത്തിന് കോട്ടം തട്ടാതെയാകും പദ്ധതികൾ.
ഇതുസംബന്ധിച്ച് മന്ത്രി എ കെ ശശീന്ദ്രനുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. മരങ്ങൾക്ക് മുകളിലൂടെ നടന്നുപോകുന്ന അനുഭവം നൽകുന്ന ട്രക്കിങ് പാത്ത് വേ, റോപ്പ് വേ, ടിഹട്ട്, ടെന്റുകൾ, വാച്ച് ടവർ എന്നിവ ഒരുക്കും.പാലക്കയംതട്ടിലേക്കുള്ള റോഡുകൾ പുനർനിർമ്മിക്കുന്ന കാര്യം പരിഗണിക്കും.
മഴക്കാല ടൂറിസത്തിനായി റെയ്ൻ ഹട്ടുകൾ, കേബിൾ കാർ പദ്ധതി, താമസിക്കാനുള്ള ഹട്ടുകൾ, ടവറുകൾ തുടങ്ങിയവയാണ് പാലക്കയംതട്ടിൽ ഒരുക്കുക. വൈദ്യുതി, ശുദ്ധജല ലഭ്യതാ പ്രശ്നങ്ങൾ പരിഹരിക്കുക, സുരക്ഷാ വേലികൾ സ്ഥാപിക്കുക, സോളാർ സംവിധാനം സ്ഥാപിക്കുക എന്നിങ്ങനെയുള്ള അനുബന്ധ ജോലികളും പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും.കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഒരുമണിക്കൂർ യാത്രയേ ഈ സ്ഥലങ്ങളിലേക്കുള്ളൂ എന്നതിനാൽ ആഭ്യന്തര – വിദേശ ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി ഇവയെ മാറ്റിയെടുക്കാനാവുമെന്നും മന്ത്രി പറഞ്ഞു.