കരുളായി:
ഉൾവനത്തിലെ ചേമ്പ്കൊല്ലി, പുലിമുണ്ട ആദിവാസി കോളനികൾ സൗരോർജ വിളക്കുകളുടെ പ്രഭയിൽ. പ്രളയത്തെത്തുടർന്ന് പറിച്ചുനടപ്പെട്ട കോളനി നിവാസികൾക്ക് ജില്ലാ പൊലീസിന്റെ ഇടപെടലിൽ ആണ് വെളിച്ചം എത്തിയത്. മുണ്ടക്കടവ് കോളനിയിലെ 52 കുടുംബങ്ങൾ ആണ് ചേമ്പ്കൊല്ലിയിൽ ഷെഡുകളിൽ കഴിയുന്നത്.
താളിപ്പുഴയിലെ 5 കുടുംബങ്ങൾ പുലിമുണ്ട വാച്ച് ടവറിനോടു ചേർന്ന് കുടിൽ കെട്ടി പാർക്കുന്നു. ഇരു വിഭാഗവും 2019ലെ പ്രളയത്തിൽ ഓടി രക്ഷപ്പെട്ടവരാണ്. വീട് ഉൾപ്പെടെ സർവവും നഷ്ടപ്പെട്ടു.
2 വർഷമായിട്ടും പുനരധിവാസം എങ്ങുമെത്താതെ നിൽക്കുന്നു. പുതിയ വാസസ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് കേന്ദ്ര സുരക്ഷാ നിധിയിൽനിന്ന് അനുവദിച്ച 7 ലക്ഷം രൂപ ചെലവഴിച്ചാണ് വെളിച്ചം ലഭ്യമാക്കിയത്.
7.5 ഏക്കർ വിസ്തൃതിയുള്ള ചേമ്പ്കൊല്ലി കോളനിക്ക് ചുറ്റും 10 തൂണുകളിൽ 20 എൽഇഡി വിളക്കുകൾ സ്ഥാപിച്ചു. 4 മണിക്കൂർ ചാർജ് ചെയ്താൽ 12 മണിക്കൂർ പ്രകാശം ചൊരിയും. ഡിവൈഎസ്പി സാജു കെ ഏബ്രഹാം സ്വിച്ച് ഓൺ കർമം നിർവഹിച്ചു.
ഇൻസ്പെക്ടർ സി എൻ സുകുമാരൻ, എസ്ഐ പി ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ജീപ്പിലും തുടർന്ന് ചെങ്കുത്തായ പാത കാൽനട താണ്ടിയും ആണ് 5 കുടുംബങ്ങൾ പാർക്കുന്ന പുലിമുണ്ടയിലെത്തിയത്.കോളനിയിൽ 5 എൽഇഡി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
കാരംബോർഡ്, ജഴ്സി, ഫുട്ബോൾ, ടോർച്ച്, റേഡിയോ, തൊഴിൽ ഉപകരണങ്ങൾ, അത്യാഹിതങ്ങളിൽ ഉപയോഗിക്കാൻ സ്ട്രെച്ചർ എന്നിവയും വിതരണം ചെയ്തു. ഓൺലൈൻ പഠനത്തിനും ഉല്ലാസത്തിനും ടിവി നൽകി. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ക്രമീകരണം ഒരുക്കിയത് ഇരു കോളനി നിവാസികൾക്കും ആശ്വാസമായി.
ചാർജ് ചെയ്യാൻ 15 കിലോമീറ്റർ സഞ്ചരിച്ച് കരുളായിയിൽ എത്തേണ്ട ദുരിതമാണ് ഒഴിവായത്. വെളിച്ചം എത്തിയതോടെ രാത്രികാലങ്ങളിൽ കോളനികളിലെ വന്യമൃഗശല്യത്തിന് പരിഹാരമാകും.