Fri. Nov 22nd, 2024
പുൽപള്ളി:

വനപാതകളിലെ ചെക്പോസ്റ്റുകളിൽ ജോലി ചെയ്യുന്നവരുടെ ജീവിതം ദുരിതപൂർണം. കാടിറങ്ങുന്ന മൃഗങ്ങൾക്കു പുറമേ റോഡിലൂടെ വരുന്ന അപരിചിതരെയും ഭയപ്പെട്ടാണ് ഇവരുടെ വാസം. രാപകൽ ജോലി ചെയ്യുന്നവര്‍ ഭയാശങ്കകളോടെയാണ് ഓരോ ദിനവും തള്ളിനീക്കുന്നത്.

വിശ്രമിക്കാനും ശുദ്ധജലത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും വേണ്ടത്ര സൗകര്യം പലയിടത്തുമില്ല.പതിറ്റാണ്ടുകൾക്ക് മുൻപാരംഭിച്ച ചെറിയ കെട്ടിടങ്ങളും താൽക്കാലികമായി ഉണ്ടാക്കിയ സൗകര്യങ്ങളുമാണ് എല്ലായിടത്തും. സംസ്ഥാന അതിർത്തിയിലെ ബാവലി ചെക്പോസ്റ്റ് ഉത്തമ ഉദാഹരണമാണ്.

സന്ധ്യ കഴിഞ്ഞാൽ ആളനക്കമില്ലാത്ത സ്ഥലത്താണ് ചെക്പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യവും റിപ്പോര്‍ട്ട് ചെയ്ത സ്ഥലമാണിത്. ഇത്തരം സ്ഥലങ്ങളിൽ ഒറ്റയ്ക്ക് ജോലി ചെയ്യുന്നവരുടെ കാര്യത്തിൽ വകുപ്പ് പുനർവിചിന്തനം നടത്തണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ല.

ഒട്ടും സുരക്ഷിതമല്ലാത്തതും ചോർന്നൊലിക്കുന്നതുമായ പഴഞ്ചന്‍ കെട്ടിടത്തിലാണ് ബാവലി ചെക്പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നത്. ഓടുകളും ഭിത്തിയും പൊട്ടി മേല്‍ക്കൂര ജീര്‍ണിച്ച അവസ്ഥ. പണ്ടു തിരക്കുണ്ടായിരുന്ന ഈ ചെക്പോസ്റ്റ് കടന്ന് ഇന്നു ചുരുക്കം മരലോഡുകളെ കര്‍ണാടകയിലേക്കു പോകുന്നുള്ളൂ.

ഇപ്പോള്‍ ഒരു ഫോറസ്റ്റര്‍ക്ക് മാത്രമാണ് ഡ്യൂട്ടി. 6 മണിക്ക് ശേഷം ഈ റൂട്ടില്‍ കര്‍ണാടകയിലേക്ക് വാഹന ഗതാഗതവുമില്ല. സന്ധ്യകഴിഞ്ഞാല്‍ കെട്ടിടത്തിന് മുറ്റത്ത് ആനയെത്തും.

ശക്തമായ കാറ്റും മഴയുമുണ്ടാകുമ്പോള്‍ ഇതിനുള്ളിലെ ജീവിതം ആരെയും പേടിപ്പെടുത്തും. കെട്ടിടത്തിനു ചുറ്റും വന്‍മരങ്ങള്‍.

ഇവയിലൊന്ന് കടപുഴകിയാലുണ്ടാവുന്ന ആപത്ത് ഉത്തരവാദപ്പെട്ടവർ ചിന്തിക്കുന്നില്ല. ചോര്‍ച്ച തടയാന്‍ കെട്ടിടത്തിനുള്ളില്‍ പ്ലാസ്റ്റിക് വലിച്ചു കെട്ടിയിരിക്കുന്നു.ഈ കേന്ദ്രത്തില്‍ ഒരു വനിതാ ഫോറസ്റ്ററും ഇടവിട്ട് ഒറ്റയ്ക്ക് ജോലി ചെയ്യുന്നുണ്ട്. കാറ്റടിച്ചാല്‍ പ്രദേശത്ത് വൈദ്യുതിയുണ്ടാവില്ല.

രാത്രി വഴി തെറ്റിയും അല്ലാതെയും വരുന്ന ഇതരസംസ്ഥാനക്കാരായ ഡ്രൈവര്‍മാരോടും യാത്രക്കാരോടും സംസാരിക്കാനും വാഹനങ്ങള്‍ പരിശോധിക്കാനും വനിതാ ജീവനക്കാര്‍ക്ക് സാധിക്കില്ല. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇവിടെ ജോലി ചെയ്യേണ്ട അവസ്ഥ ഒരുതരം പീഢനമാകുന്ന സ്ഥിതി. ഇത്തരം സ്ഥലങ്ങളില്‍ വനിതകളെ മാത്രം ജോലിക്ക് നിയോഗിക്കരുതെന്ന നിര്‍ദ്ദേശവും ഉത്തരവാദപ്പെട്ടവർ പാലിക്കുന്നില്ല.

രാത്രി എന്തെങ്കിലും അത്യാവശ്യത്തിന് വിളിച്ചാലും ആരുമെത്താത്ത സ്ഥലം. ബാവലിയിലും തോല്‍പ്പെട്ടിയിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതിയായെങ്കിലും നടപടിയായില്ല.

ജില്ലയിലെ മറ്റ് ചെക്പോസ്റ്റുകളില്‍ മൂന്നും നാലും പേര്‍വീതം ഡ്യൂട്ടിയിലുള്ളപ്പോഴാണ് ബാവലി പോലുള്ള സ്ഥലങ്ങളില്‍ ഒരാള്‍ മാത്രമായത്. രാപകല്‍ വാഹന ഗതാഗതമുള്ള തോല്‍പ്പെട്ടി ചെക്പോസ്റ്റിലെ സ്ഥിതിയും മോശമല്ല. ഇവിടെ മിക്ക ദിവസവും ആനയെത്തും.

ഡ്യൂട്ടിക്ക് ഒരു ഫോറസ്റ്ററും ഗാര്‍ഡും മാത്രം. പലവിധ കള്ളക്കടത്ത് നടക്കുന്ന ഈ റൂട്ടില്‍ രാത്രിയെത്തുന്ന വാഹനങ്ങള്‍ പരിശോധിക്കാനുള്ള ആള്‍ബലം ഇവിടെയില്ല. ഒട്ടേറെ വാച്ചര്‍മാര്‍ ഓരോ റേഞ്ചിലുമുണ്ട്.

രാത്രി ഇവരുടെ സേവനം ലഭ്യമാക്കാവുന്നതേയുള്ളൂ. എല്ലാ ചെക്പോസ്റ്റുകളിലും ക്യാമറ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടിട്ടില്ല.ബത്തേരി – പുല്‍പള്ളി റൂട്ടിലെ കുപ്പാടി ചെക്പോസ്റ്റിലും അടിസ്ഥാന സൗകര്യങ്ങളില്ല.

ഇരുളത്ത് രണ്ടുവര്‍ഷം മുൻപാരംഭിച്ച ചെക്പോസ്റ്റ് പൂട്ടിക്കെട്ടി. ഇരുട്ടായാല്‍ ആനയും കടുവയുമെത്തുന്ന സ്ഥലത്താണ് ചെക്പോസ്റ്റ് സ്ഥാപിച്ചത്. ഈ റൂട്ടില്‍ കുപ്പാടിയില്‍ ചെക്പോസ്റ്റും കുറിച്യാട്ട് റേഞ്ച് ഓഫിസും ഇരുളം ടൗണില്‍ ഫോറസ്റ്റ് സ്റ്റേഷനുമുള്ളപ്പോള്‍ എന്തിനാണ് മറ്റൊരു ചെക്പോസ്റ്റെന്ന ചോദ്യം അന്നേയുണ്ടായിരുന്നു.