Thu. May 2nd, 2024
ഓയൂർ:

വെളിനല്ലൂർ പഞ്ചായത്തിലെ ചെറിയ വെളിനല്ലൂർ മുളയറച്ചാലിൽ ചിക്കൻ വേസ്​റ്റിൽനിന്ന് മൃഗങ്ങൾക്ക് ആഹാര ഉൽപന്നം നിർമിക്കുന്ന പ്ലാൻറിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായി. പഞ്ചായത്ത് ഭരണസമിതി ഈ മാസം 18ന് ആലോചന യോഗം കൂടി പ്ലാൻറിന്​ അനുമതി നൽകാൻ തീരുമാനിച്ചിരുന്നു.

എന്നാൽ, ചെറിയ വെളിനല്ലൂരിൽ ജനങ്ങൾ സമരവുമായി രംഗത്തെത്തി. നാട്ടുകാർ ആക്​ഷൻ കൗൺസിൽ രൂപവത്​കരിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. നിർദിഷ്​ട പ്ലാൻറിനെതിരെ ചെറിയവെളിനല്ലൂർ ക്രിസ്ത്യൻ പള്ളി പ്രമേയം പാസാക്കുകയും ചെയ്തു.

അനുമതി നൽകാനുള്ള തീരുമാനത്തിൽനിന്ന് പഞ്ചായത്ത്​ പിന്മാറിയില്ലെങ്കിൽ സമര പരിപാടികൾ ശക്തിപ്പെടുത്താനാണ് നാട്ടുകാരുടെ തീരുമാനം. എന്നാൽ, പ്രതിഷേധക്കാർ കോടതിയെ സമീപിക്കണമെന്നും പഞ്ചായത്തിലെ 17 മെംബർന്മാരും ഐകകണ്​ഠ്യേനയാണ് വിഷയം പാസാക്കിയതെന്നും വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ എം അൻസർ പറഞ്ഞു.

പരാതിയിൽ കഴമ്പുണ്ടെങ്കിൽ പരിശോധിക്കുമെന്നും പ്ലാൻറ്​ സ്ഥാപിക്കുന്നവർ നിയമപരമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്​ഷൻ കൗൺസിൽ യാേഗത്തിൽ ജില്ല പരിസ്ഥിതി സംരക്ഷണ ഏ​കോപന സമിതി ജനറൽ കൺവീനർ എ എ കബീർ, വെൽഫെയർ പാർട്ടി പ്രതിനിധി അനീഷ്ഖാൻ, മെംബർമാരായ എസ് അമൃത്, പി ആർ സന്തോഷ് എന്നിവർ സംസാരിച്ചു.