Wed. Nov 6th, 2024
ബോവിക്കാനം:

വനംവകുപ്പിന്റെ അനുമതി മാത്രം മതി; മുളിയാർ പഞ്ചായത്തിലെ മഞ്ചക്കൽ റോഡരികിലെ രണ്ട് പള്ളം നന്നാക്കാൻ നാട്ടുകാർ തയ്യാർ. നാട്ടുകാർക്ക് സംരക്ഷിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും വനം വകുപ്പാണ് തടസം.

കടുത്ത വേനലിലും വെള്ളം കെട്ടിനിൽക്കുന്ന പള്ളങ്ങളാണിത്.മഞ്ചക്കൽ ബോവിക്കാനം റോഡരികിൽ മുളിയാറിലേക്ക് പോകുന്ന റോഡരികിലാണ് ഒരു പള്ളം. മഞ്ചക്കൽ ചറവ് റോഡിന് അരികിലാണ് മറ്റൊരു പള്ളം.

ചറവ് റോഡിന് അരികിലുള്ള പള്ളം പൂർണമായും വനമേഖലയ്ക്ക് അകത്താണ്. വിശാലമായ പാറപ്രദേശത്തിന് ഒത്ത നടുവിലായി കിടക്കുന്ന പള്ളം അഴകുള്ള കാഴ്ചയും സമ്മാനിക്കും. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും മാലിന്യവും കൂടിയായപ്പോൾ പള്ളവും വൃത്തിഹീനമായി.

മൂളിയാർ റോഡിന് അരികിലുള്ള പള്ളം ചെളി നിറഞ്ഞ് പുല്ല് വളർന്ന് നശിച്ചു.പ്രകൃതിയൊരുക്കിയ ഈ ജലസംഭരണികൾ സംരക്ഷിച്ചാൽ നാടിന് മുതൽകൂട്ടാവുമെന്നാണ് നാട്ടുകാർ പറയുന്നു. വനംവകുപ്പും വന സംരക്ഷണ സേനയും മറ്റു വകുപ്പുകളും സംഘടനകളും ചേർന്ന് പ്രവർത്തിച്ചാൽ പള്ളം ശുചീകരിക്കാം. പള്ളം പരിപാലിക്കാൻ നാട്ടുകാരും ഒരുക്കമാണ്.