Thu. May 2nd, 2024
മയ്യിൽ:

അമ്മയോർമയ്‌ക്കായി പുസ്‌തകങ്ങൾ കണ്ണടക്കാത്ത ഒരു ലോകത്തെ തുറന്നുവയ്‌ക്കുകയാണ്‌ അവർ. പുസ്‌തകങ്ങളോടും അക്ഷരങ്ങളോടും അടുപ്പമുള്ളവരായി വളർത്തിയ നാട്ടിൻപുറത്തുകാരിയായ അമ്മയോടുള്ള സ്‌നേഹാദരത്തിന്‌ മക്കൾക്ക്‌ പടുത്തുയർത്താൻ ഇതേക്കാൾ അർഥവത്തായ സ്‌മാരകമില്ല. ചെറുപഴശിയിലെ പരേതരായ ടി കെ നാരായണൻ നമ്പ്യാരുടെയും കാണിയേരി കണ്ണോത്ത് ശാന്തയുടെയും സ്മരണാർത്ഥമാണ്‌ നവകേരള ഗ്രന്ഥാലയത്തിന്‌ മനോഹരമായ ഒന്നാംനില ഉയർന്നത്‌.

കഴിഞ്ഞവർഷം ഏപ്രിലിലാണ്‌ കെ കെ ശാന്ത മരണമടഞ്ഞത്. ശാന്തയുടെ മരണശേഷം ജീവിതസമ്പാദ്യമായ 13,54,000 രൂപ ഗ്രന്ഥാലയത്തിന് ഒന്നാംനില നിർമിക്കാനായി ഭാരവാഹികൾക്ക് കൈമാറുകയായിരുന്നു. വറുതിയുടെ കൊവിഡ് കാലമായിരുന്നിട്ടുപോലും തുക പങ്കിട്ടെടുക്കുന്നതിന്‌ പകരം ഗ്രന്ഥാലയത്തിന്‌ കൈമാറാൻ മക്കൾ തീരുമാനിക്കുകയായിരുന്നു.

ദീർഘകാലം ഗ്രന്ഥാലയത്തിന്റെ സെക്രട്ടറിയായിരുന്ന മകൻ കെ കെ ഉണ്ണിക്കൃഷ്ണൻ കഴിഞ്ഞവർഷം ആഗസ്‌തിൽ അന്തരിച്ചിരുന്നു. ഉണ്ണിക്കൃഷ്ണന്റെ ഒന്നാം ചരമവാർഷിക ദിനമായ ഞായറാഴ്ചയാണ്‌ പുതുക്കിയ ഗ്രന്ഥാലയം നാടിന്‌ സമർപ്പിക്കുന്നത്‌. രാജാറാം മോഹൻറോയ് ഫൗണ്ടേഷന്റെയും സംസ്ഥാന ലൈബ്രറി കൗൺസിലിന്റെയും ധനസഹായവും നവീകരണത്തിനായി ചെലവഴിച്ചു.

1960 കാലഘട്ടങ്ങളിൽ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷിയായ ഗ്രന്ഥാലയം എ കെ ജിയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്. നവീകരിച്ച ഗ്രന്ഥാലയ കെട്ടിടം തിങ്കളാഴ്ച പകൽ മൂന്നിന് മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും.ടി കെ നാരായണന്റെയും കെ കെ ശാന്തയുടെയും വർഷങ്ങൾക്ക്‌ മുമ്പ്‌ അന്തരിച്ച ഇവരുടെ മകൻ കെ കെ സജീവന്റെയും സ്മരണാർഥമാണ്‌ ഗ്രന്ഥാലയം ഹാൾ.

ഹാൾ ഡോ വി ശിവദാസൻ എംപി ഉദ്‌ഘാടനം ചെയ്യും. കെ കെ ഉണ്ണിക്കൃഷ്ണന്റെ സ്മരണാർഥം സജ്ജമാക്കിയ റഫറൻസ് ലൈബ്രറി മുൻ എംഎൽഎ എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യും.