Thu. Apr 25th, 2024
കണ്ണൂർ:

കണ്ണൂർ സർവകലാശാലയിൽ ചാൻസലറായ ഗവർണർ അറിയാതെ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചതായി പരാതി. ഗവർണർക്ക് പകരം അംഗങ്ങളെ സിൻഡിക്കേറ്റ് ഉപസമിതിയാണ് നാമനിർദ്ദേശം നടത്തിയത്. സ്വകാര്യ ട്യൂഷന്‍റെ പേരിൽ നടപടി നേരിട്ട അധ്യാപകനെയും യു ജി സി യോഗ്യത ഇല്ലാത്ത അധ്യാപകരെയും ഉൾപ്പെടുത്തി.

വിവിധ വിഷയങ്ങൾക്കുള്ള 72 ബോർഡുകളാണ് കണ്ണൂർ സർവകലാശാലയിൽ പുനഃസംഘടിപ്പിച്ചത്. സർവകലാശാലാ നിയമമനുസരിച്ച് ബോർഡിന്‍റെ ചെയർമാനെയും അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യുവാനുള്ള അധികാരം ചാൻസലറായ ഗവർണർക്ക് മാത്രമാണ്. സർവകലാശാല നിലവിൽ വന്ന കാലം മുതൽ ഈ ചട്ടം പാലിച്ചു വരുന്നുമുണ്ട്.

സർവകലാശാല ചട്ടങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനായ വൈസ് ചാൻസലർ നിയോഗിച്ച സിൻഡിക്കേറ്റിന്‍റെ മൂന്നംഗ സമിതിയാണ് ഗവർണർക്ക് പകരം ബോർഡ് അംഗങ്ങളുടെ പേരുകൾ നിർദ്ദേശിച്ചത്. വിവിധ കോഴ്‌സുകളുടെ സിലബസുകളും പാഠപുസ്തകങ്ങളും തയ്യാറാക്കുക, ചോദ്യപേപ്പർ തയ്യാറാക്കേണ്ടവരുടെ പാനൽ അംഗീകരിക്കുക തുടങ്ങിയ ഉത്തരവാദിത്തമാണ് ബോർഡിന്. ഇതിൽ സർക്കാർ, എയിഡഡ് കോളേജുകളിലെ മുതിർന്ന പല അധ്യാപകരെയും ഒഴിവാക്കി, യു ജി സി യോഗ്യതകളില്ലാത്ത സ്വശ്രയ കോളേജ് അധ്യാപകരേയും കരാർ അധ്യാപകരേയും ഉൾപ്പെടു ത്തിയിട്ടുണ്ട്.

അക്കാദമിക് മേഖലയിൽ സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ബോർഡിൽ പൂർണമായും സി പി എം അനുഭാവികളെ മാത്രമാണ് നാമനിർദ്ദേശം ചെയ്തിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.സർവകലാശാല ചട്ടങ്ങൾ അവഗണിച്ച് ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ച ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യുണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.