നരിക്കുനി:
പഞ്ചായത്ത് പത്താം വാർഡിലെ വരിങ്ങിലോറ മലമുകളിലെ പാറക്കെട്ടുകൾ നിറഞ്ഞ മഴക്കാല പച്ചക്കറി കൃഷിയിടത്തിൽ നൂറുമേനി വിളവ്.രുപതോളം ആദിവാസി കുടുംബങ്ങളുടെ കൂട്ടായ്മയിലാണ് മലമുകളിലെ അഞ്ച് ഏക്കറിൽ പൊന്നു വിളയിക്കുന്നത്. വെണ്ട, പയർ, മത്തൻ തുടങ്ങി പതിനഞ്ചിനം പച്ചക്കറികളാണ് ഇവിടെ സമൃദ്ധമായി വളർന്നത്.
ജലസേചന സൗകര്യം ഇല്ലാത്തതിനാലാണ് നരിക്കുനി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 3 വർഷം മുൻപ് ഇവിടെ മഴക്കാല പച്ചക്കറി കൃഷി തുടങ്ങിയത്.മഴക്കാലത്ത് സാധാരണ നാട്ടിൻപുറങ്ങളിൽ പച്ചക്കറി കൃഷി ചെയ്യാറില്ല. അതിന്റെ വെല്ലുവിളി ഏറ്റെടുത്താണ് ഈ കുടുംബങ്ങൾ കൃഷിയിറക്കി വിജയകരമായി വിളവെടുപ്പ് നടത്തുന്നത്.
സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച ട്രൈബൽ പച്ചക്കറി ക്ലസ്റ്ററിനുള്ള അവാർഡ് കഴിഞ്ഞ തവണ വരിങ്ങിലോറമല ഊരുകൂട്ടത്തിനായിരുന്നു. ജനകീയാസൂത്രണ പദ്ധതികളും തൊഴിലുറപ്പ് പദ്ധതിയും ഇവർക്ക് വലിയ ആശ്വാസമാണ്.വന്യജീവികൾ കൃഷിയിടത്തിൽ നാശം വരുത്തുന്നത് തടയുന്നതിനായി നരിക്കുനി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വേലി കെട്ടിയിട്ടുണ്ട്. കഠിനാധ്വാനത്തിന്റെയും കൂട്ടായ്മയുടെയും വിജയമാണ് മലമുകളിൽ വിളഞ്ഞ് പാകമാകുന്നത്.