Wed. Jan 22nd, 2025
കാസർകോട്‌:

ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ തയ്യാറാക്കുന്ന സമഗ്രപദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടി പങ്കാളിത്തം നൽകുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കാസർകോട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിന്‌ ശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ ത്രിതല പഞ്ചായത്ത് തലത്തിൽ പദ്ധതികൾക്ക് രൂപം നൽകും.

കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേർന്ന് അടിയന്തരമായി പദ്ധതി രൂപീകരിക്കും. നിലവിലുള്ള സോളാർ വേലികൾ ഉൾപ്പെടെ സംരക്ഷിക്കുന്ന ചുമതല തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിക്കും. ആനകളെ ജനവാസ മേഖലയിലെത്താത്തവിധം ദൂരത്തേക്ക് തുരത്താൻ ദക്ഷിണ കന്നഡ ജില്ലാ അധികൃതരുടെയും സഹായം വേണം.

ഇതിനായി കാസർകോട്, ദക്ഷിണ കന്നഡ കലക്ടർമാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം 10 ദിവസത്തിനകം ചേരും. വന്യമൃഗശല്യം മൂലം കൃഷി നാശമുണ്ടായാലുള്ള നഷ്ടപരിഹാരം അപര്യാപ്തമാണ്. കേന്ദ്ര മാനദണ്ഡ പ്രകാരമാണ് തുക അനുവദിക്കുന്നത്. വിളകൾ ഇൻഷൂർ ചെയ്യാൻ ശ്രദ്ധിക്കണം.

എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ, എൻ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കലക്ടർ സ്വാഗത് ആർ ഭണ്ഡാരി, വനംവകുപ്പ്‌ ഉന്നത ഉദ്യോഗസ്ഥരായ ഡി കെ വിനോദ് കുമാർ, ആർ കീർത്തി, അജിത് കെ രാമൻ, ആർഡിഒ അതുൽ എസ്‌ നാഥ്, ഡെപ്യൂട്ടി കലക്ടർ കെ രവികുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.