കേളകം:
ഇക്കോ ടൂറിസത്തിൻറെ അനന്തസാധ്യതകളുമായി കണിച്ചാർ, കേളകം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മലയോര ഗ്രാമമായ ഏലപ്പീടിക. പ്രദേശത്തിൻെറ മനോഹാരിത ആസ്വദിക്കാൻ നിരവധി ആളുകളാണ് എത്തുന്നത്. പഴശ്ശി രാജാവ് ബ്രിട്ടീഷ് പടയുമായി ഏറ്റുമുട്ടിയ പേര്യ ചുരം ഉൾപ്പെടുന്നതാണ് ഈ ഗ്രാമം.
സമുദ്രനിരപ്പിൽനിന്ന് 600-1000 മീറ്റർ ഉയരത്തിലാണ് തലശ്ശേരി -വയനാട് സംസ്ഥാനപാതയിൽനിന്ന് അധികം ദൂരെയല്ലാത്ത ഈ പ്രദേശം.മൂന്നുവശവും മഞ്ഞുമൂടിയ മലനിരകളുടെ ദൂരക്കാഴ്ച ആസ്വദിക്കാനാവുന്ന ‘കുരിശുമല’ ട്രക്കിങ് സാധ്യതയുള്ള വ്യൂ പോയൻറാണ്. ഏക്കർകണക്കിന് പരന്നുകിടക്കുന്ന കണ്ടംതോട് പുൽമേടാണ് സഞ്ചാരികൾ കൂടുതലെത്തുന്ന മറ്റൊരു സ്ഥലം.
രാത്രി ടെൻറ് കെട്ടി താമസത്തിനടക്കം സൗകര്യമുള്ള പുൽമേടിൻറെ സാധ്യതകളും വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല.തലശ്ശേരി-വയനാട് സംസ്ഥാനപാതയിലെ പേര്യ ചുരത്തിൽ 29ാം മൈലിൽ റോഡരികിലുള്ള വെള്ളച്ചാട്ടം ആസ്വദിക്കാനും നിരവധി ആളുകൾ എത്തുന്നു.ഏലപ്പീടികയുടെ വികസനത്തിനുതകുന്ന ടൂറിസം പാക്കേജുകളൊന്നും നടപ്പായിട്ടില്ല.
നിലവിൽ പ്രദേശത്ത് ഒരു നിയന്ത്രണവുമില്ലാതെ ആളുകൾ എത്തുകയാണ്. ആസ്വാദകരെപ്പോലെ എത്തുന്ന സാമൂഹിക വിരുദ്ധർ പ്രദേശത്തെ ജനങ്ങൾക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയാണെന്ന് പരാതിയുണ്ട്. സമയ നിയന്ത്രണങ്ങളില്ലാതെ രാത്രിയിൽവരെ ആളുകൾ എത്തുന്നു. പ്രദേശത്ത് ടൂറിസം വകുപ്പോ പഞ്ചായത്ത് അധികൃതരോ ഇടപെട്ട് കൃത്യമായ മാർഗനിർദേശങ്ങളോടുകൂടി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.