തൃക്കരിപ്പൂർ:
പാസഞ്ചറിന് പകരം കണ്ണൂർ മംഗളൂരു ഭാഗത്ത് 30ന് സർവീസ് ആരംഭിക്കുന്ന മുൻകൂട്ടി ബുക്കിങ്ങ് വേണ്ടാത്ത എക്സ്പ്രസിന് ചന്തേരയിലെ സ്‌റ്റോപ്പ് ഒഴിവാക്കി. റെയിൽവെ പുറത്തിറക്കിയ ടൈംടേബിളിൽ ചന്തേരയില്ല.
കൊവിഡ് അടച്ചിടലിന് ശേഷം ചന്തേര റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകളൊന്നും നിർത്തുന്നില്ല.
അതേസമയം ഇരു ഫ്ളാറ്റുഫോമുകളും ഉയർത്തി നവീകരിച്ച്, മെമു എൻജിൻ സ്റ്റോപ്പ് എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് പഞ്ചായത്തുകളിലെ നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ചന്തേരയിൽ നാല് പാസഞ്ചർ ട്രെയിൻ മുമ്പ് നിർത്തിയിരുന്നു. ആവശ്യത്തിന് ഫ്ലാറ്റ്ഫോം കുടിവെള്ള സൗകര്യം, വൈദ്യുതി എന്നിവയൊന്നുമില്ലാതെ അവഗണനയിലായിരുന്ന സ്റ്റേഷൻ മുൻ എംപി പി കരുണാകരൻ ഇടപെട്ടാണ് വികസിപ്പിച്ചത്.
മലബാർ എക്സ്പ്രസുൾപ്പെടെയുള്ള വണ്ടികൾക്ക് സ്റ്റോപ്പ് പ്രതീക്ഷിച്ചിരുന്ന യാത്രക്കാർ, ഒരു വർഷത്തിന് ശേഷം തുടങ്ങിയ പാസഞ്ചറിന് പോലും സ്റ്റോപ്പ് ഇല്ലെന്നറിഞ്ഞതോടെ നിരാശയിലാണ്.രാവിലെ 7.30ന് മംഗളൂരു കോഴിക്കോട് പാസഞ്ചർ, 8.15ന് കണ്ണൂർ-മംഗളൂരു പാസഞ്ചർ, വൈകീട്ട് ആറരയ്ക്ക് കണ്ണൂർ-മംഗളൂരു പാസഞ്ചർ, മംഗളൂരു-കണ്ണൂർ ട്രെയിനുകൾക്കാണ് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നത്. കണ്ണൂർ,കാസർകോട് ജില്ലകളിലേക്കും മംഗളൂരുവിലേക്കും അഞ്ഞൂറിലധികം യാത്രക്കാർ ചന്തേരയിൽ നിന്നുണ്ടായിരുന്നു.
മെമുസർവീസിന് മുന്നോടിയായുള്ള പരീക്ഷണസർവീസാണ് പാസഞ്ചറിന്റേതെന്ന് വാർത്ത പരന്നതോടെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. അടുത്ത മാസം പകുതിയോടെ മെമു സർവീസ് തുടങ്ങിയേക്കും.