ബത്തേരി:
ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തിനു പരിഹാരമായി ബദൽ പാതയ്ക്കു പദ്ധതി രേഖയുമായി ദേശീയപാത വിഭാഗം. ദേശീയപാത 766ന്റെ ബദൽ പാതയ്ക്കായി പുതിയ റൂട്ട് നിശ്ചയിച്ച് വരികയാണെന്നും വിശദമായ പദ്ധതി രേഖ തയാറാക്കുകയാണെന്നും ദേശീയപാതാ വിഭാഗം കോഴിക്കോട് ഡിജിഎം നിർമൽ എം സാദേ പറഞ്ഞു.ബന്ദിപ്പൂർ വനമേഖലയിൽ മേൽപാലം നിർമിച്ചു കൂടെ എന്ന് കല്ലൂർ കാവുമ്മോളേൽ എൽദോ കുര്യാക്കോസ് പ്രധാനമന്ത്രിയുടെ പരാതി പരിഹാര സെൽ വഴി ഉന്നയിച്ച ചോദ്യത്തിനാണു കോഴിക്കോടു നിന്ന് മൈസൂരുവിലേക്കു പുതിയ പാത വരുമെന്ന മറുപടി.
മധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതത്തിലും നാഗ്പൂരിലും കൊടുംവനത്തിലൂടെ മേൽപാലം നിർമിച്ച മാതൃകയിൽ ബന്ദിപ്പൂരിലും നിർമിച്ചു കൂടെയെന്നായിരുന്നു എൽദോയുടെ ചോദ്യം.പ്രധാനമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ച പരാതി ദേശീയപാതാ കേന്ദ്ര ഓഫിസിന് കൈമാറുകയും അവർ കോഴിക്കോട് ഓഫിസിനോട് മറുപടി നൽകാൻ നിർദേശിക്കുകയുമായിരുന്നു. ഭാരത്‌മാല പദ്ധതിയിൽപെടുത്തി മൈസൂരിൽ നിന്നു കുട്ട–ഗോണിക്കുപ്പ വഴി കോഴിക്കോട്ടേക്കുള്ള ദേശീയപാത നിലവിൽ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്.
ഈ റൂട്ട് തന്നെയാണു ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തിനു പരിഹാരമായി അതോറിറ്റി മുന്നോട്ടുവയ്ക്കുന്നതെന്നാണു ലഭ്യമായ വിവരം.നിലവിലുള്ള റൂട്ടിൽ (ബത്തേരി– ഗുണ്ടൽപേട്ട– മൈസൂരു) തന്നെ മേൽപാലമോ തുരങ്കപാതയോ ഒരുക്കണമെന്നും അല്ലെങ്കിൽ മതിയായ സുരക്ഷ ഒരുക്കി നിലവിലുള്ള റോഡ് തന്നെ തുറന്നു നൽകണമെന്നുമായിരുന്നു പൊതുവേ ഉയര്‍ന്നിരുന്ന ആവശ്യം. സുപ്രീം കോടതിയിലെ കേസിലും ഇതാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ദേശീയപാത 766 ന ഒരു വിധത്തിലും ബദലാകാത്ത 200 കിലോമീറ്റര്‍ വരെ അധികം യാത്ര ചെയ്യേണ്ടി വരുന്ന പാതയെ പകരമായി പരിഗണണിക്കാന്‍ കഴിയില്ലെന്നു പൊതു സമൂഹം ഒറ്റക്കെട്ടായി നിലപാടെടുത്തിരുന്നതാണ്. മൂന്നു വര്‍ഷം മുന്‍പ് ബത്തേരിയില്‍ ലക്ഷങ്ങള്‍ അണിനിരന്ന സമരത്തിലും ഇതേ ആവശ്യമാണ് ഉയര്‍ന്നിരുന്നത്. പരിഹാരമുണ്ടാക്കാമെന്നും കര്‍ണാടകയുമായും കേന്ദ്രവുമായും ചര്‍ച്ച ചെയ്യാമെന്നും ഉറപ്പു നല്‍കിയാണ് അന്നത്തെ സമരം അവസാനിപ്പിച്ചത്.
അതേ സര്‍ക്കാര്‍ തന്നെ തുടരുമ്പോള്‍ ദേശീയപാത 766 നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങള്‍ മന്ത്രിസഭയുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതാണെന്ന് പ്രക്ഷോഭരംഗത്തുള്ളവർ പറയുന്നു. ബദല്‍പാതയ്ക്കായി പുതിയ റൂട്ടാണ് വേണ്ടതെങ്കില്‍ വനമേഖല ഏറ്റവും കുറഞ്ഞ വള്ളുവാടി- ചിക്കബര്‍ഗി വഴി ആകാമെന്ന് ആക്‌ഷന്‍ കമ്മിറ്റിയും ചൂണ്ടിക്കാട്ടിയിരുന്നു.