ഇരിട്ടി:
വള്ളിത്തോടിലെ റേഷൻ കടയിൽനിന്ന് സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി താലൂക്ക് സപ്ലൈ അധികൃതർ പിടികൂടി. താലൂക്ക് റേഷനിങ് ഇൻസ്‌പെക്ടർക്ക് കിട്ടിയ രഹസ്യ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്, റേഷൻ കാർഡ് ഉടമകൾക്ക് നൽകേണ്ട പച്ചരി സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് മറിച്ചുവിറ്റതായി കണ്ടെത്തിയത്. വിളമന വില്ലേജ് ഓഫിസർ ബിബി മാത്യുവിൻറെ സാന്നിധ്യത്തിൽ സ്വകാര്യ വ്യക്തിയുടെ ഗോഡൗൺ തുറന്ന് അരി പിടിച്ചെടുത്തു.
പിടിച്ചെടുത്ത അരി വള്ളിത്തോടിലെ 94ാം നമ്പർ റേഷൻ കടയിലേക്ക് മാറ്റി സ്‌റ്റോക്കിൽ ഉൾപ്പെടുത്തി. പ്രദേശത്തെ 93ാം നമ്പർ റേഷൻ കടയിൽ നടത്തിയ പരിശോധനയിൽ നിലവിലുള്ള സ്‌റ്റോക്കിൽ കുറവുള്ളതായി കണ്ടെത്തി. എം ജി ഐസക്കിൻറെ ലൈസൻസിയിലുള്ള 93ാം നമ്പർ റേഷൻ കടയിൽ നിന്നാണ് അരി കടത്തിയതെന്ന് പരിശോധനയിൽ തെളിഞ്ഞു.
ഐസക്കിൻറെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾക്കായി ശിപാർശ നൽകി. റേഷനരി കണ്ടെത്തിയ സ്വകാര്യ ഗോഡൗൺ ഉടമക്കെതിരെ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും ആരംഭിച്ചു. റേഷനിങ് ഇൻസ്‌പെക്ടർ പി കെ വിജേഷിൻറെ നേതൃത്വത്തിലായിരുന്നു പരിശോധന.