Fri. Nov 22nd, 2024
തിരുവനന്തപുരം:

പാല്‍, തൈര്, നെയ്യ് തുടങ്ങിയ വിവിധ ഡെയറി ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ മില്‍മ തിരുവനന്തപുരം മേഖല യൂനിയന് ഓണക്കാലത്ത് റെക്കോഡ്​ നേട്ടം. 32 ലക്ഷം ലിറ്റര്‍ പാലും 2.25 ലക്ഷം കിലോഗ്രാം തൈരും 259 മെട്രിക് ടണ്‍ നെയ്യും മറ്റു മില്‍മ ഉൽപന്നങ്ങളുമാണ് ഓണദിവസങ്ങളില്‍ വിറ്റത്. ഉത്രാടദിനത്തിലെ പാല്‍വില്‍പനയില്‍ ജില്ല അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഡെയറിയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ വിപണിയില്‍ എത്തിച്ച യൂനിറ്റ്.

തിരുവനന്തപുരം ഡെയറിയില്‍നിന്ന്​ പുതിയതായി വിപണിയില്‍ ഇറക്കിയ 525 എം എല്‍ ഹോമോജനൈസ്ഡ് പാലിന് ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ്. ചരിത്രത്തില്‍ ആദ്യമായി ഓണക്കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് ഓരോ ലിറ്റര്‍ പാലിനും ഒരു രൂപ അധിക ഇന്‍സൻെറിവും എല്ലാ ക്ഷീരസംഘം ജീവനക്കാര്‍ക്കും 1000 രൂപ വീതം ഓണസമ്മാനവും തിരുവനന്തപുരം മേഖല യൂനിയന്‍ നല്‍കി.

ഇതിനുപുറമേ പാല്‍ വിതരണ ഏജന്‍സികള്‍ക്കുള്ള പ്രോത്സാഹന ഇന്‍സൻെറിവ് സെപ്റ്റംബറില്‍ വിതരണം ചെയ്യും. കോവിഡ് വ്യാപനം, ലോക്ഡൗണ്‍ പ്രതിസന്ധികളിലും കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് കരുത്തു പകരുന്നതാണ് തിരുവനന്തപുരം മേഖല യൂനിയന്‍ കൈവരിച്ച നേട്ടങ്ങള്‍.

പ്രതിസന്ധി ഘട്ടങ്ങളിലും മില്‍മയുടെ നേട്ടത്തിനുവേണ്ടി പ്രവര്‍ത്തിച്ച ക്ഷീര കര്‍ഷകര്‍ക്കും സംഘം, ഡെയറി ജീവനക്കാര്‍ക്കും ഡീലര്‍മാര്‍ക്കും വിതരണ രംഗത്തുള്ള കരാറുകാർക്കും വാഹന ജീവനക്കാര്‍ക്കും മേഖല യൂനിയന്‍ അഡ്മിനിസ്ട്രേറ്റിവ് കണ്‍വീനര്‍ എന്‍ ഭാസുരാംഗനും മാനേജിങ്​ ഡയറക്ടര്‍ ഡി എസ് കോണ്ടയും നന്ദി അറിയിച്ചു. നിരവധി നൂതനമായ മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ സമീപ ഭാവിയില്‍ വിപണിയില്‍ ഇറക്കുന്നതിന് മില്‍മ തിരുവനന്തപുരം മേഖല യൂനിയന്‍ പദ്ധതികള്‍ തയാറാക്കുന്നതായും ഇവര്‍ പറഞ്ഞു.