Wed. Jan 22nd, 2025
ചെറുപുഴ:

ചൂരപ്പടവ് മലനിരകൾ ക്വാറി മാഫിയകൾ കയ്യടക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ 15 ഏക്കറിലേറെ സ്ഥലമാണു ക്വാറി മാഫിയകൾ വാങ്ങികൂട്ടിയത്. ജനരോഷത്തെ തുടർന്നു അടച്ചിട്ട ചൂരപ്പടവ് ക്വാറി ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തുറന്നു പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണു സ്ഥലം വാങ്ങി കൂട്ടുന്നതെന്നു സൂചനയുണ്ട്.

ക്വാറിയോട് ചേർന്നു കിടക്കുന്ന ഭൂമിയാണു ക്വാറിയുടമകൾ വില കൊടുത്തുവാങ്ങുന്നത്. എതിർപ്പ് ഇല്ലാതാക്കാനാണു ക്വാറിയോട് ചേർന്നു കിടക്കുന്ന ഭൂമി വില കൊടുത്തുവാങ്ങുന്നതെന്നു ആക്ഷേപമുണ്ട്.ഇതോടെ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.

ക്വാറിയിൽ നടക്കുന്ന ഉഗ്രസ്ഫോടനത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും ജല സ്രോതസ്സുകൾ ഇല്ലാതാകുന്നതുമാണു പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നത്. ഇക്കാര്യം ഉന്നയിച്ചു നാട്ടുകാർ ഒട്ടേറെ തവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും ശാശ്വതമായ പരിഹാരം ഇനിയും ഉണ്ടായിട്ടില്ല. ചെറുപുഴ പഞ്ചായത്തിലെ 11-ാം വാർഡിലെ മലനിരകൾ ഉൾപ്പെടുന്ന പ്രദേശമാണു ക്വാറി മാഫിയകൾ കയ്യടക്കുന്നത്.

ഇതോടെ പ്രകൃതി രമണീയമായ ചൂരപ്പടവ് മലനിരകളും ദണ്ഡ്യൻകുന്ന് വെള്ളച്ചാട്ടവും മറ്റും ഓർമയായി മാറും.
മലയോരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവും ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും തീർഥാടന കേന്ദ്രം കൂടിയായ കൊട്ടത്തലച്ചി മലനിരയുടെ അടിഭാഗത്താണു ക്വാറി സ്ഥിതി ചെയ്യുന്നത്. കാർഷിക മേഖലയിൽ ഉണ്ടായിരിക്കുന്ന തകർച്ച പരിഹരിക്കുന്നതിനു മലയോര മേഖല കേന്ദ്രീകരിച്ചു ഫാം ടൂറിസം ആരംഭിക്കാനുള്ള നീക്കം സജീവമാണ്.

ഇതിനിടയിലാണു ക്വാറിയുടെ പ്രവർത്തനം തുടങ്ങാനുള്ള ശ്രമം ആരംഭിച്ചതും. ക്വാറിയ്ക്കെതിരെ പഞ്ചായത്ത് ഓഫിസ് ഉപരോധം, നിർമാണ സാമഗ്രികളുമായി പോകുന്ന വാഹനങ്ങൾ തടയുക തുടങ്ങിയ സമര പരിപാടികൾ പ്രദേശവാസികളുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഇതേത്തുടർന്നു ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.

നിർമാണ സാമഗ്രികളുമായി വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിയതിനെ തുടർന്നു പ്രാപ്പൊയിൽ – പെരുന്തടം – ചൂരപ്പടവ് റോഡ് തകർന്ന നിലയിലാണ്. ക്വാറി തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നു ആവശ്യപ്പെട്ടു ക്വാറിയുടമകൾ പഞ്ചായത്തിനെ സമീപിച്ചിരുന്നു. എന്നാൽ ഭരണസമിതിയിൽ ഇക്കാര്യം ചർച്ചയ്ക്കു വന്നപ്പോൾ പ്രധാന രാഷ്ട്രീയ പാർട്ടികൾ എല്ലാം ക്വാറി തുറക്കാനുള്ള നീക്കത്തെ എതിർക്കുകയായിരുന്നു. നിയമ നടപടിയിലൂടെ ക്വാറി തുറന്നു പ്രവർത്തിക്കാനുള്ള ശ്രമം നടന്നു വരുന്നതായി ആരോപണമുണ്ട്.