കോട്ടയം പൊയിൽ:
എരുവട്ടി പൂളബസാറിലുള്ള കോട്ടയം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മികവാർന്ന സൗകര്യങ്ങളോടെ രോഗീ സൗഹൃദ ആതുരാലയമായി മാറി. ജീവനക്കാർക്കും പൊതു ജനങ്ങൾക്കും ഉപയോഗിക്കാൻ പര്യാപ്തമായ മൾട്ടി ജിമ്മും ആശുപത്രിയിൽ എത്തുന്ന കുട്ടികൾക്ക് വിശ്രമിക്കാനും കളിക്കാനുമുള്ള മുറിയും ഉൾപ്പെടെ ആകർഷകമായ സംവിധാനം ഇവിടെയുണ്ട്. ആശുപത്രിയിലേക്ക് ബസ് സൗകര്യം ഇല്ലാത്തതിനാൽ നേരത്തെ രോഗികൾ പരിമിതമായി മാത്രമേ എത്തിയിരുന്നുള്ളൂ.
ഇപ്പോൾ കൊവിഡ് കാലഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പിനായി നാനാഭാഗത്ത് നിന്നും എത്തിച്ചേർന്നവർക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രത്യേകതയും വിപുലമായ സൗകര്യവും ഏറെ ആകർഷിച്ചു. ഇതോടെ കോട്ടയം, കതിരൂർ, പിണറായി പഞ്ചായത്തുകളിൽ നിന്നുള്ള രോഗികളുടെ സന്ദർശന കേന്ദ്രമായി ഈ കുടുംബാരോഗ്യ കേന്ദ്രം വളർന്നിരിക്കുന്നു.സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിലുള്ള ചികിത്സ സൗകര്യങ്ങൾ ഇവിടെയുണ്ട്.
ഇഎൻടി ഡോക്ടർ ഉൾപ്പെടെ 4 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ഹോർമോൺ ഒഴികെയുള്ള എല്ലാ പരിശോധനകളും നടത്താനുള്ള സൗകര്യവും ഉണ്ട്. രണ്ട് ലാബ് ടെക്നിഷ്യൻമാരുമുണ്ട്.
പ്രമേഹ രോഗികൾക്കുള്ള നേത്ര പരിശോധനയും ആഴ്ചയിൽ ഒരു ദിവസം പോസ്റ്റ് കൊവിഡ് ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമേ വയോജനങ്ങൾക്കും കുട്ടികൾക്കും വിഷാദ രോഗികൾക്കും കൗമാരക്കാർക്കും പ്രത്യേകം ക്ലിനിക്കുകളുമുണ്ട്. ആംബുലൻസ് സേവനവും ഇവിടെ ലഭ്യമാണ്.
ഡെന്റൽ ഒപി കൂടി തുടങ്ങാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് മെഡിക്കൽ ഓഫിസർ ഡോ വിനീത ജനാർദനനും പഞ്ചായത്ത് പ്രസിഡന്റ് സി രാജീവനും പറഞ്ഞു.2020 ഫെബ്രുവരിയിലാണ് 2 കോടിയിലധികം രൂപ ചെലവിട്ട് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ കുട്ടികൾക്കായി മനോഹരമായ പാർക്കും നിർമിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ നിത്യേന എത്തുന്ന രോഗികളുടെ എണ്ണം വർധിച്ചതോടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതികളും അധികൃതർ ആസൂത്രണം ചെയ്യുന്നുണ്ട്.
TAGS: