മേപ്പാടി:
മുൻ വർഷം നൽകിയ നിരക്കിൽ തോട്ടം തൊഴിലാളികൾക്ക് ഓണത്തിന് മുമ്പായി 2020-21 വർഷത്തെ ബോണസ് നൽകണമെന്ന് ലേബർ കമീഷണർ ഉത്തരവിറക്കിയിട്ടും മേഖലയിലെ ഭൂരിപക്ഷം തോട്ടം മാനേജ്മെൻറുകളും അവഗണിച്ചു.ഹാരിസൺസ് മലയാളം കമ്പനി മാത്രമാണ് മുൻ വർഷം നൽകിയ 8.33 ശതമാനം മിനിമം ബോണസും പുറമെ രണ്ടു ശതമാനം എക്സ്ഗ്രേഷ്യയും ഓണത്തിനുമുമ്പ് തൊഴിലാളികൾക്ക് നൽകിയത്. മേഖലയിലെ മറ്റ് പ്രമുഖ തോട്ടങ്ങളിൽ ബോണസ് അനുവദിച്ചില്ല.
ഓണത്തിന് മുമ്പ് ബോണസ് നൽകണമെന്ന ലേബർ കമീഷണറുടെ ഉത്തരവിറങ്ങിയത് ആഗസ്റ്റ് ആറിനാണ്.കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ബോണസ് സംബന്ധിച്ച ത്രികക്ഷി ചർച്ചകൾ നടത്താൻ നിവൃത്തിയില്ലാത്തതിനാൽ തൊഴിലാളികൾക്ക് മുൻവർഷം നൽകിയ നിരക്കിൽ ബോണസ് അനുവദിച്ച് വിവരം അതത് ജില്ല ലേബർ ഓഫിസർമാർക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ, എച്ച് എം എൽ ഒഴികെയുള്ള കമ്പനികളൊന്നും ഓണത്തിന് മുമ്പായി ബോണസ് നൽകിയില്ല.
2019 -20 വർഷത്തിൽ എച്ച് എം എൽ, പോഡാർ പ്ലാന്റെഷൻസ്, എ വി ടി എന്നീ എസ്റ്റേറ്റുകൾ 8. 33 ശതമാനവും കോട്ടനാട് പ്ലാൻറെഷൻസ് 10 ശതമാനവും ചേലോട് എസ്റ്റേറ്റ് 11 ശതമാനവുമാണ് ബോണസ് നൽകിയത്.കൊവിഡ് പശ്ചാത്തലത്തിൽ മുൻ വർഷവും ബോണസ് സംബന്ധിച്ച ത്രികക്ഷി ചർച്ചകളൊന്നും നടന്നിരുന്നില്ല. ഈ വർഷവും ബോണസ് സംബന്ധിച്ച തർക്കങ്ങളുണ്ടായാൽ കൊവിഡ് ഭീഷണി അവസാനിച്ച ശേഷം ചർച്ച നടത്തി പരിഹരിക്കാവുന്നതാണെന്നും ലേബർ കമീഷണറുടെ ഉത്തരവിൽ പറയുന്നുണ്ട്.
എന്നാൽ, കമീഷണറുടെ ഉത്തരവിനെക്കുറിച്ചും ചില യൂനിയനുകൾ വിമർശനമുയർത്തി. ത്രികക്ഷി ചർച്ചകളെത്തന്നെ അപ്രസക്തമാക്കുന്ന ഉത്തരവാണ് ലേബർ കമീഷണർ ഇറക്കിയതെന്ന വിമർശനമാണ് ഉയർന്നിട്ടുള്ളത്. 8.33 ശതമാനം മിനിമം ബോണസ് മാത്രം ചർച്ചയില്ലാതെ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച് നൽകുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം അവസാനിച്ചു എന്ന മട്ടിൽ തോട്ടം മാനേജ്മെൻറുകൾ അധ്യായം അടക്കുമെന്ന അഭിപ്രായമാണ് യൂനിയനുകൾക്ക്.
പിന്നീട് ചർച്ചകളൊന്നും ഉണ്ടാകാനിടയില്ല. കൊവിഡ് ഭീഷണി മൂലം മറ്റ് വ്യവസായ മേഖലകളിലുണ്ടായ പ്രതിസന്ധി തോട്ടങ്ങളെ ബാധിച്ചില്ലെന്നും ഉല്പന്നത്തിന് നല്ല വില ലഭിച്ചതിനാൽ തോട്ടങ്ങൾ ലാഭകരമായിരുന്നുവെന്നും യൂനിയനുകൾ ചൂണ്ടിക്കാട്ടുന്നു.