കണ്ണൂർ:
മലബാർ കലാപ വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഖവൻ. ചരിത്രത്തെ വർഗീയ വൽക്കരിക്കാൻ ശ്രമിക്കുന്നവർക്ക് അസ്വാരാസ്യം ഉണ്ടാക്കുന്ന മലബാർ കലാപം സ്വതന്ത്ര സമരങ്ങളുടെ ഭാഗമാണെന്ന് വിജയരാഘവൻ പ്രതികരിച്ചു.1946 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലപാട് എടുത്തിട്ടുണ്ടെന്നും അന്ന് തന്നെ മലബാർ കലാപം ബ്രിട്ടീഷ് വിരുദ്ധമന്ന് വിലയിരുത്തിയിട്ടുണ്ടെന്ന് എ വിജയരാഘവൻ പറഞ്ഞു.
മലബാർ കലാപം സാമ്രാജ്യത്വ വിരുദ്ധവും ജന്മിത്ത വിരുദ്ധവുമാണെന്ന് എ വിജയരാഘവൻ ചൂണ്ടിക്കാട്ടി.വാരിയൻകുന്നനേയും ഭഗത് സിംഗിനേയും ഉപമിച്ച എംബി രാജേഷിന്റെ പ്രസ്താവനയെയും എ വിജയരാഘവൻ പിന്തുണച്ചു. ഉപമകൾ പലവിധത്തിലും ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം, മലബാർ കലാപത്തെ പാരീസ് കമ്മ്യുണുമായാണ് എകെജി ഉപമിച്ചതെന്ന് ചൂണ്ടിക്കാട്ടി.
അതിന് ബ്രിട്ടീഷുകാർ എകെജിയെ ജയിലിലടച്ചു. അതേ ബ്രിട്ടീഷ് മനോഭാവം ഉള്ളവരാണ് ഇന്ന് വിമർശിക്കുന്നവർ കാണിക്കുന്നതെന്നും എ വിജയരാഘവൻ വ്യക്തമാക്കി.മലബാർ കലാപം ദേശീയ സ്വത്രന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും ചരിത്രത്തെ നിരാകരിക്കാനാകില്ലെന്നും, ബ്രിട്ടീഷുകാർ ക്രൂരമായി അടിച്ചമർത്തിയ കലാപമാണിതെന്നും കൂട്ടിച്ചേർത്തു.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പെടെ മലബാർ കലാപത്തിൻ്റെ നായകരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്നൊഴിവാക്കയെന്ന വാർത്ത പുറത്ത് വരുന്നത് ഇന്നലെയാണ്. നടപടിയെ വിമർശിച്ച് കോൺഗ്രസും ലീഗും രംഗത്തെത്തി.
വാരിയൻ കുന്നനെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ചരിത്രകാരൻ എം ജി എസ് നാരായണൻ പറഞ്ഞു.
വാരിയൻകുന്നന് വീരപരിവേഷം നൽകേണ്ടതില്ല.എന്നാൽ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും രാഷ്ട്രീയമാണെന്നും എം ജി എസ് നാരായണൻ പ്രതികരിച്ചു.ഐ സി എച്ച്ആർ രാഷ്ട്രീയ വിമുക്തമല്ലെന്നും എം ജി എസ് പറഞ്ഞു.വാരിയൻകുന്നനെ ഭഗത്സിംഗിനോട് ഉപമിച്ചതിനെയും എം ജി എസ് വിമർശിച്ചു.
മലബാർ കലാപത്തിൽ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര ചരിത്രപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ ന്യായീകരിച്ച് ഇന്ത്യന്‍ ചരിത്ര ഗവേഷണകൗണ്‍സില്‍ അംഗം ഡോ സി ഐ ഐസക് രംഗത്തെത്തി. മാപ്പിള കലാപങ്ങള്‍ സ്വാതന്ത്ര്യസമരമല്ലെന്നും, അവര്‍ ഖിലാഫത്തുകാര്‍ മാത്രമായിരുന്നുവെന്നും ഡോ സി ഐ ഐസക് പറഞ്ഞു. ഇന്ത്യന്‍ ദേശീയപതാക മലബാർ കലാപത്തിൽ പങ്കെടുത്തവർ ഉയര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.