Mon. Dec 23rd, 2024
ബത്തേരി:

വൃത്തിയിൽ ഒന്നാമതുള്ള ബത്തേരി നഗരസഭക്ക്‌ അഭിമാനമായി സഞ്ചാര യോഗ്യമായ റോഡുകളും. ബത്തേരി നഗരസഭയിലൂടെ കടന്നുപോകുന്ന ദേശീയപാതക്ക്‌ പുറമെ ഗ്രാമീണ റോഡുകൾവരെ ഹൈടെക്കാണിപ്പോൾ. മുൻകാലങ്ങളിൽ കുണ്ടും കുഴിയുമായിരുന്ന ദേശീയപാതയുടെ നവീകരണം ഏറെക്കുറെ പൂർത്തിയാവുകയും ഗ്രാമീണ റോഡുകളിൽ ഒട്ടുമുക്കാലും ആധുനിക സാങ്കേതികവിദ്യയിലൂടെ പുനർനിർമിക്കുകയും ചെയ്‌തതോടെ വാഹനയാത്ര ബത്തേരിയിൽ സുഗമമാവുകയും ഗതാഗതക്കുരുക്ക്‌ കുറയുകയുംചെയ്‌തു.

യാത്രക്കാർക്ക്‌ ദുർഘടമായിരുന്ന നിരവധി റോഡുകൾ ‌ അടുത്തിടെ നവീകരിച്ചു. നഗരവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന രാജീവ്‌ഗാന്ധി മിനി ബൈപാസ്‌ കഴിഞ്ഞ വർഷമാണ്‌ നഗരസഭ യാത്രക്കാർക്ക്‌ തുറന്നുനൽകിയത്‌. ബൈപാസ്‌ വന്നതോടെ ചരക്ക്‌ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി സഞ്ചാരം തുടങ്ങിയതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്ക്‌ കുറഞ്ഞു.

കൈപ്പഞ്ചേരി റോഡിൽ നിന്ന്‌ 1.2 കിലോ മീറ്റർ ദൂരത്തിൽ കല്ലുവയലിൽ വന്നുചേരുകയും അവിടെ നിന്ന്‌ ഗ്യാസ്‌ പമ്പ്‌, സ്‌റ്റേഡിയം റോഡ്‌ വഴി കോടതി കോംപ്ലക്‌സിന്റെ പിറകിലൂടെ ദേശീയപാതയിൽ എത്തുന്നതുമാണ്‌ മിനി ബൈപാസ്‌. ചുങ്കത്ത്‌ നിന്ന്‌ തുടങ്ങി ട്രാഫിക്‌ ജങ്‌ഷനിൽ അവസാനിക്കുന്ന പൊലീസ്‌ സ്‌റ്റേഷൻ റോഡിന്റെ നവീകരണവും നഗരത്തിന്‌ അനുഗ്രഹമായി. കയറ്റം കുറച്ച്‌ വീതി കൂട്ടിയാണ്‌ റോഡ്‌ നവീകരിച്ചത്‌.

സെന്റ്‌ മേരീസ്‌ കോളേജ്‌ റോഡ്‌, കൈപ്പഞ്ചേരി റോഡ്‌ എന്നിവ ആധുനിക രീതിയിലാണ്‌ നവീകരിച്ചത്‌. എം ജി റോഡ്‌, ഗാന്ധി ജങ്‌ഷൻ വൺവേ റോഡ്‌, വിക്ടറി ആശുപത്രി റോഡ്‌ എന്നിവ ഇന്റർലോക്കാണ്‌. സഹകരണ സ്ഥാപനമായ ലാഡർ 13 കോടി ചെലവഴിച്ച്‌ നവീകരിച്ച മന്തൊണ്ടിക്കുന്ന്‌–പൂളവയൽ–കുപ്പാടി റോഡ്‌ ഇരുവശങ്ങളിലും പൂച്ചെടികളും 20 മീറ്റർ അകലത്തിൽ അലങ്കാര വെളിച്ചവും സ്ഥാപിച്ചാണ്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്‌റ്റ്‌ സൊസൈറ്റി നിർമിച്ചത്‌.

മലബാറിലെ തന്നെ മികച്ച അപൂർവം റോഡുകളിൽ ഒന്നാണിത്‌. നഗരസഭയുടെ ഇടപെടലും പൊതുമരാമത്ത്‌ വകുപ്പിന്റെ അനുകൂല നിലപാടും റോഡുകൾ നല്ലനിലയിലാകാൻ സഹായകമായി.