Fri. Nov 22nd, 2024
മേപ്പയൂർ:

കേരളത്തിൽ ആദ്യമായി സമ്പൂർണ സൗജന്യ വൈഫൈ (സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ ) ഒരുക്കുന്ന പഞ്ചായത്തായി മേപ്പയൂർ. പഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കി വിദ്യാഭ്യാസ കേരളത്തിന് മാതൃകയാവുകയാണ് 17 വാർഡുകളുള്ള ഈ പഞ്ചായത്ത്. പദ്ധതി ഉദ്ഘാടനം നാളെ രാവിലെ 9ന് മേപ്പയൂർ ടികെ കൺവൻഷൻ സെന്ററിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.

സാങ്കേതിക പ്രശ്നങ്ങൾ കാരണമോ സാമ്പത്തിക ബുദ്ധിമുട്ട് കാരണമോ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പ്രയാസം നേരിടുന്ന കുട്ടികൾക്ക് പരമാവധി 5 മിനിറ്റു നടന്നാൽ സൗജന്യ വൈഫൈ കേന്ദ്രത്തിലെത്താം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി മൊത്തം 62 പൊതു വൈഫൈ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ‍250 വിദ്യാർത്ഥികൾക്കായി 20 ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കി.

നെറ്റ്‍വർക്ക് സേവനദാതാക്കളെ ഉൾപ്പെടുത്തിയുള്ള പ്രശ്നപരിഹാര ചർച്ച,‍ നെറ്റ്‍വർക്ക് പ്രശ്നം നേരിടുന്ന പ്രദേശങ്ങൾ സംബന്ധിച്ച വിവരശേഖരണം, കേബിൾ സേവന ദാതാക്കളുമായുള്ള ധാരണ, സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകളുമായുള്ള ആശയവിനിമയം, വിവിധ തലങ്ങളിലായി നടത്തിയ നൂറിലേറെ യോഗങ്ങൾ എന്നിവയ്ക്കു ശേഷമാണു പദ്ധതി ലക്ഷ്യത്തിലെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഭാസ്കരൻ കൊഴുക്കല്ലൂർ, പഞ്ചായത്ത് നോഡൽ ഓഫിസർ വി പി സതീശൻ എന്നിവരുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പിലാക്കിയത്.