Fri. Apr 26th, 2024
പത്തനംതിട്ട:

സർക്കാർ ആശുപത്രിയിൽ കോവിഡനന്തര ചികിത്സ തേടുന്ന എപിഎൽ വിഭാഗക്കാരിൽ നിന്നു പണമീടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സർക്കാർ ആശുപത്രിയിൽ നിന്നു സൗജന്യ ചികിത്സ ലഭിക്കുമെന്നുള്ള ആശ്വാസം ഇല്ലാതാക്കുന്നതാണു സർക്കാരിന്റെ പുതിയ തീരുമാനമെന്നു സാധാരണക്കാർ ഒന്നടങ്കം പറയുന്നു. കോവിഡ് മഹമാരിയെത്തുടർന്നു വരുമാനം വളരെക്കുറഞ്ഞ ആളുകൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും.

എപിഎൽ വിഭാഗത്തിൽ വരുന്ന ഭൂരിഭാഗം പേരും കോവിഡ് അനന്തര രോഗങ്ങൾക്കു ചികിത്സ തേടാൻ ഇപ്പോൾ സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് സാധാരണക്കാർക്ക് താങ്ങാവുന്നതിനും അപ്പുറത്താണ്. സർക്കാർ തീരുമാനപ്രകാരം ബിപിഎൽ കാർഡ് ഉടമകൾക്കും കാരുണ്യ ബെനവലന്റ് പദ്ധതിയിൽ ഉൾപ്പെട്ടവർക്കും മാത്രമാണ് കോവിഡനന്തര ചികിത്സ സൗജന്യമായി നൽകുക.

ജില്ലയിലെ 70 ശതമാനം കുടുംബങ്ങൾ എപിഎൽ വിഭാഗത്തിലാണു വരുന്നത്. അതിനാൽ ഭൂരിഭാഗം ആളുകൾക്കും ചികിത്സയ്ക്കു പണം നൽകേണ്ടിവരും. ജനറൽ വാർഡിൽ ദിവസം 750 രൂപയും ഐസിയുവിൽ 1500 രൂപയും വെന്റിലേറ്ററിൽ 2000 രൂപയുമാണ് സർക്കാർ ആശുപത്രിയിലെ ചികിത്സാ നിരക്ക്. എല്ലാവർക്കും സർക്കാർ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകണമെന്ന ആവശ്യമാണുയരുന്നത്.