Sun. Nov 17th, 2024
തിരുവനന്തപുരം:

തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറെയൊന്നും പരാമർശിക്കാതെ പോയ ഒരു വിദ്യാർത്ഥി സമരത്തിന് ഒരു നൂറ്റാണ്ടു തികഞ്ഞു. അമിതമായി ഫീസ് ഈടാക്കുന്നതിന് എതിരെ 1921 ഓഗസ്റ്റ് 21ന് ശ്രീ മൂലം വിലാസം സ്കൂളിൽ പൊട്ടിപ്പുറപ്പെട്ട് യൂണിവേഴ്സിറ്റി കോളജിൽ പൊലീസ് അതിക്രമത്തിൽ കലാശിച്ച സമരത്തിനാണ് 100 വയസ്സായത്. വഞ്ചിയൂരിൽ ഇന്ന് കാണുന്ന ജില്ലാ കോടതി മന്ദിരമായിരുന്നു അന്നത്തെ ശ്രീമൂലം വിലാസം സ്കൂൾ. വഞ്ചിയൂർ സ്കൂൾ സമരത്തിന്റെ തുടക്കം ഉയർന്ന സ്കൂൾ ഫീസ് ആയിരുന്നു.

മാസം 6 രൂപ. അന്നത്തെ കാലത്ത് ഇത് വളരെ ഉയർന്ന തുക ആയിരുന്നു. തുക വീണ്ടും 50% വീണ്ടും വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവാണ് സമരം തുടങ്ങാൻ കാരണമായത്. സോദരരെ നമുക്ക് സംഘടിക്കാം; ക്രൂരനായ ദിവാനെതിരെ നമുക്ക് അണിനിരക്കാം എന്നെഴുതിയ പോസ്റ്ററുകൾ സ്കൂളുകളിൽ പ്രത്യക്ഷപ്പെട്ടു.

സ്കൂൾ ബഹിഷ്കരിച്ച വിദ്യാർത്ഥികൾ തൊട്ടടുത്ത സ്കൂളുകളിൽ എത്തി അവിടുത്തെ വിദ്യാർത്ഥികളെയും പുറത്തിറക്കി. ഇതിനായി മോഡൽ സ്കൂൾ ഹെഡ്മാസ്റ്റർ സി എഫ് ക്ലാർക്ക്, ബ്രിട്ടീഷ് അസിസ്റ്റന്റ് റസിഡന്റ് എന്നീ 2 ബ്രിട്ടീഷുകാരെയും വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്നു.

ഇവരുടെ കയ്യിൽ ചാട്ടവാറും ഉണ്ടായിരുന്നു. എന്നാൽ ഹെഡ് മാസ്റ്ററെ വിദ്യാർത്ഥികൾ മർദിക്കുകയും അസിസ്റ്റന്റ് റസിഡന്റിനെ കല്ലെറിഞ്ഞു പരുക്കേൽപ്പിക്കുകയും ചെയ്തു. തിരുവിതാംകൂറിലെ പല വിദ്യാലയങ്ങളും സമരത്തിൽ ഇളകി മറിഞ്ഞു. യൂണിവേഴ്സിറ്റി കോളജിലെ സംഘർഷം മൂർച്ഛിച്ചു. പൊലീസ് അതിക്രമത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. തുടർന്ന് ദിവാൻ ഫീസ് വർധന താൽക്കാലികമായി മരവിപ്പിച്ചു. അടുത്ത വർഷം കൂടിയ ഫീസ് നിലവിൽ വരികയും ചെയ്തു.

സമരത്തിന് നേതൃത്വം നൽകിയ പ്രമുഖരെ ഭരണകൂടം വേട്ടയാടി. പലർക്കും നാടുവിടേണ്ട അവസ്ഥയായി. നായർ സാൻ എന്നു പിന്നീട് അറിയപ്പെട്ട എ എം നായർ ജപ്പാനിലേക്കും കൃഷ്ണൻ നായർ സബർമതിയിലേക്കും പോയി. ഡൽഹി ഗാന്ധി എന്നറിയപ്പെട്ട കൃഷ്ണൻ നായർ ഗാന്ധിജിയുടെ ശിഷ്യനാകുകയും ദണ്ഡി യാത്രയിൽ പങ്കെടുക്കുകയും ഡൽഹിയിൽ നിന്നും ആദ്യ ലോക്സഭാ അംഗം ആവുകയും ചെയ്തു. ഈ സമരം വൈദേശിക ഭരണത്തിനും ദിവാൻ ഭരണത്തിനും എതിരായി ബഹുജന വികാരം ഉണർത്താൻ കാരണമായി.