Sat. Nov 23rd, 2024
തിരൂരങ്ങാടി:

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിന് തുല്യമാണെന്ന് കേരള നിയമസഭ സ്പീക്കര്‍ എംബി രാജേഷ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും സ്വന്തം നാട്ടില്‍ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജി ഭഗത് സിങ്ങിന് തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമായിരുന്നില്ല, മലയാള രാജ്യമെന്നായിരുന്നു. പുതിയ തലമുറയെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്ര വായനകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മലബാര്‍ കൗണ്‍സിലിന്റേത് മാതൃകപരമായ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ കലാപം ഹിന്ദുവിരുദ്ധകലാപമായിരുന്നെങ്കില്‍ ആര്‍എസ്എസ് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടുന്ന പ്രദേശമായി ഏറനാടും വള്ളുവനാടുമായി മാറിയിരുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച എംഎല്‍എ കെടി ജലീല്‍ പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 1921ലാണ് മലബാര്‍ കലാപം നടന്നത്. 2021ല്‍ മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്.