ഇരിട്ടി:
ബാരാപോൾ പദ്ധതി പ്രദേശത്തു നിന്നു കൂറ്റൻപാറ ഇളകി ഉരുണ്ടു വന്നു വീടിന്റെ മുകളിൽ പതിച്ചു. അടുക്കളഭാഗത്തെ ചുമർ തകർന്നു. പാലത്തുംകടവിലെ കോട്ടയിൽ സോഫിയുടെ വീടിനു മുകളിലാണു പാറ വീണത്.
ശക്തമായ മഴയിൽ ബാരാപോൾ പദ്ധതിയുടെ കനാലിന് ഏറ്റെടുത്ത 20 മീറ്ററോളം ഉയരമുള്ള സ്ഥലത്തു നിന്നാണു കല്ല് ഇളകി വന്നത്.
അപകട സമയത്തു സോഫി മൂത്തമകന്റെ വീട്ടിൽ പോയതിനാൽ വൻദുരന്തം ഒഴിവായി. 2016ലും ഇതുപോലെ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞുവീണു വീടിനു കേടുപാട് സംഭവിച്ചിരുന്നു.
അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പിള്ളിക്കുന്നേൽ, ഇരിട്ടി ബ്ലോക്ക് അംഗം മേരി റജി, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് പ്ലാത്തോട്ടം, സജി മച്ചിത്താനി, വില്ലേജ് ഓഫിസർ മനോജ്‌കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.