Sat. May 4th, 2024
തിരുവനന്തപുരം:

കെഎസ്ആർടിസി ബസിൻ്റെ ലഗേജ് കരിയറിൽ തോക്ക് കണ്ടെത്തി. സ്ത്രീയുടെ വിലാസത്തിലുള്ള പാസ്പോർട്ടും 1.5 കോടി രൂപയുടെ വസ്തു ഇടപാട് രേഖകളും ഇതിനൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്നു കിളിമാനൂരിലേക്കു സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. കിളിമാനൂർ പൊലീസ് കേസെടുത്തു.

കിളിമാനൂരിൽ ഇന്നലെ രാത്രി ഏഴരയോടെ സർവീസ് അവസാനിപ്പിച്ച ബസിലാണ് പൊതി കണ്ടെത്തിയത്. യാത്രക്കാർ ഇറങ്ങിയശേഷം നടത്തിയ പതിവു പരിശോധനയിൽ കണ്ടക്ടർക്കാണു പൊതി ലഭിച്ചത്. സംശയം തോന്നി തുറന്നു നോക്കിയപ്പോൾ തോക്ക് ശ്രദ്ധയിൽ പെട്ടു.

ഉടൻ തന്നെ ജീവനക്കാർ ബസ് സഹിതം കിളിമാനൂർ സ്റ്റേഷനിലെത്തി.തോക്ക് പെല്ലറ്റ് നിറയ്ക്കുന്ന എയർ പിസ്റ്റളാണ്. കോടതിയുടെ അനുമതിയോടെ തോക്ക് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.

തിരുവനന്തപുരം നഗരത്തിൽ താമസിക്കുന്ന സ്ത്രീയുടെ മേൽവിലാസമാണു രേഖകളിലുള്ളത്. തോക്കും രേഖകളും നഷ്ടപ്പെട്ടതു സംബന്ധിച്ച് ആര്യനാട് സ്റ്റേഷനിൽ പരാതിയുണ്ട്. ഇതേ പരാതിയിൽ ഉൾപ്പെട്ട വസ്തുക്കൾ തന്നെയാണോ കണ്ടെത്തിയതെന്നും, ഇവ എങ്ങനെ കെഎസ്ആർടിസി ബസിൽ എത്തിയെന്നുമാണു പൊലീസ് അന്വേഷിക്കുന്നത്.