Mon. Dec 2nd, 2024

വാഷിങ്ടൺ: ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ അമേരിക്കയുടെ നയത്തെ രൂക്ഷമായി വിമർശിച്ച് മുന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെൻ്റ് ഉദ്യോഗസ്ഥ ഹാല രാരിറ്റ്. വൈറ്റ് ഹൗസിൻ്റെ പശ്ചിമേഷ്യൻ നയം പരാജയമാണെന്നായിരുന്നു ഹാല രാരിറ്റിൻ്റെ വിമർശനം. 

അമേരിക്കയുടെ ഗാസ നയത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച ഹാല രാരിറ്റ്, കഴിഞ്ഞ മാസമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെൻ്റ് അറബിക് ഭാഷാ വിഭാഗം വക്താവ് പദവിയിൽ നിന്നും രാജിവെച്ചത്. 

‘ഇത് മനുഷ്യത്വരഹിതമായ നയമാണ്. തനിക്ക് ഇനി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെൻ്റിൻ്റെ ഭാഗമാകാനോ ഈ നയത്തെ പ്രോത്സാഹിപ്പിക്കാനോ കഴിയില്ലെന്നും  ഫലസ്തീനികളെയോ ഇസ്രായേലികളെയോ സഹായിക്കാത്ത ഒരു പരാജയപ്പെട്ട നയമാണിതെന്നും ഹാല രാരിറ്റ് പറഞ്ഞു. യുഎസിലെ ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹാലയുടെ പ്രതികരണം. 

‘മനുഷ്യാവകാശ ലംഘനം നടത്തുന്ന രാജ്യങ്ങൾക്ക് ആയുധങ്ങളോ സൈനിക സഹായങ്ങളോ നൽകാൻ ഞങ്ങൾക്ക് അധികാരമില്ല. ഗാസയില്‍ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പോലും പറഞ്ഞിട്ടുണ്ട്. എന്നിട്ടും യുഎസ് ഇപ്പോഴും കോടിക്കണക്കിന് പ്രതിരോധ ആയുധങ്ങളും  ആക്രമണാത്മക ആയുധങ്ങളും അയ്ക്കുന്നുണ്ട്. ഇത് ആഭ്യന്തര നിയമത്തിൻ്റെ ലംഘനത്തിന് തുല്യമാണ്.പല നയതന്ത്രജ്ഞർക്കും ഇതറിയാമെന്നും പലരും പറയാൻ ഭയക്കുന്നുവെന്നും’ ഹാല കൂട്ടിച്ചേർത്തു.