Mon. Dec 23rd, 2024
കാസർകോട്:

പൊതുമേഖല സ്​ഥാപനമായ ഭെൽ ഇ എം എൽ കമ്പനിയുടെ ഓഹരി കൈമാറ്റം പൂർത്തിയായിട്ടും ജീവനക്കാർ ഇപ്പോഴും പെരുവഴിയിൽ തന്നെ. ഓണമായിട്ടും ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകാനോ കമ്പനി തുറന്ന് പ്രവർത്തിപ്പിക്കാനോ ഒരു നടപടിയുമായില്ല. ഓണത്തിന് മുമ്പ്​ ശമ്പള കുടിശ്ശിക നൽകുമെന്ന മന്ത്രി പി രാജീവി​ൻറെ ഉറപ്പും നടപ്പായില്ല.

17 മാസമായി അടഞ്ഞുകിടക്കുന്ന കമ്പനി എന്ന് തുറക്കുമെന്ന് പറയാൻപോലും ആർക്കും കഴിയുന്നില്ല. കഴിഞ്ഞ വർഷം നൽകിയതുപോലെ പതിനായിരം രൂപയുടെ ഓണാശ്വാസം പല ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകളിൽ എത്തിയപ്പോൾ ബാങ്കുകൾ കിട്ടാക്കടത്തിലേക്ക് പിടിക്കുകയാണുണ്ടായത്​. അതിനാൽ,ഓണക്കാല ആശ്വാസതുക​ ഭൂരിപക്ഷം ജീവനക്കാർക്കും ലഭിക്കാത്ത സ്​ഥിതിയാണ്​.

33 മാസമായി ശമ്പളമില്ലാത്ത ജീവനക്കാർ ഏറെ പ്രതീക്ഷയോടെയാണ് ഈ ഓണക്കാലത്തെ കാത്തിരുന്നത്. നീണ്ടകാലത്തെ സമരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ കഴിഞ്ഞ മേയ് 11ന് കേന്ദ്ര സർക്കാർ അനുമതി നൽകിയ ഓഹരി കൈമാറ്റ നടപടികൾ പൂർത്തിയായത് മൂന്ന് മാസങ്ങൾക്ക് ശേഷം ആഗസ്​റ്റ് 11നാണ്​. സംസ്ഥാന സർക്കാർ ആറ് അംഗങ്ങളുള്ള ഡയറക്ടർ ബോർഡ് രൂപവത്​കരിക്കുകയും ചെയർമാൻ കം മാനേജിങ്​ ഡയറക്ടറായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ നിയമിക്കുകയും ചെയ്തു.

ആഗസ്​റ്റ് 11ന് നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ കൈമാറ്റ നടപടികൾ അംഗീകരിക്കുകയും കേന്ദ്ര സർക്കാറി​െൻറ എല്ലാ പ്രതിനിധികളും രാജിവെക്കുകയും സംസ്ഥാന സർക്കാറിന്റ ആറ് പ്രതിനിധികൾ ചുമതലയേൽക്കുകയും ചെയ്തു. കമ്പനി തുറന്ന് പ്രവർത്തിപ്പിക്കാനും ജീവനക്കാരുടെ ശമ്പള കുടിശ്ശിക നൽകാനും വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാനും പി എഫ് കുടിശ്ശിക തീർക്കാനും മറ്റുമായി, റിയാബ് നൽകിയ ശിപാർശ പ്രകാരം സംസ്ഥാന സർക്കാർ 20 കോടി അനുവദിച്ചിട്ടുമുണ്ട്.
സംസ്ഥാന സർക്കാർ ഏറ്റെടുത്തതോടെ പഴയതുപോലെ കെല്ലി‍െൻറ യൂനിറ്റാക്കി മാറ്റണമെന്നും കമ്പനി ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്നും ജീവനക്കാരുടെ ശമ്പള കുടിശ്ശിക അടക്കമുള്ള ആനുകൂല്യങ്ങൾ നൽകണമെന്നുമാണ് തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങൾ.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളി സംഘടനകൾ സംയുക്തമായി കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച റിലേ സത്യഗ്രഹം, ഓണത്തിന് മുമ്പ്​ പ്രശ്ന പരിഹാരമുണ്ടാവുമെന്ന വ്യവസായ മന്ത്രിയുടെ ഉറപ്പിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കമ്പനി തുറക്കുന്നതും ജീവനക്കാരുടെ ശമ്പള കുടിശ്ശിക നൽകുന്നതും നീണ്ടുപോകുന്നതിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.