Sat. Nov 23rd, 2024
പുൽപ്പള്ളി:

കുണ്ടും കുഴിയും നിറഞ്ഞ ഗ്രാമീണ റോഡുകൾ, ഇടവഴികൾ, ദശാബ്ദങ്ങൾ പഴക്കമുള്ള സ്‌കൂൾ കെട്ടിടം… പുതിയ തലമുറയോട്‌ പോയ കാലത്തെ പുൽപ്പള്ളിയെക്കുറിച്ച്‌ ഇങ്ങനെ പറയാം. ഇന്നാ പഴങ്കഥ മാറി.

ഇടവഴികളും ഗ്രാമീണ റോഡുകളും മെറ്റലിങ്ങും ടാറിങ്ങും നടത്തി. ചേകാടിയിലെയും പാക്കത്തെയും സർക്കാർ സ്‌കൂളുകൾ ആധുനികവത്‌കരിച്ചു.കുടിയേറ്റ ജനതയും ഗോത്ര സമൂഹവും ഇടകലർന്ന് താമസിക്കുന്ന പുൽപ്പള്ളി പഞ്ചായത്തിൽ ഇപ്പോൾ 400 കിലോമീറ്ററോളം ഗ്രാമീണ റോഡുകളാണ്‌ സഞ്ചാര യോഗ്യമാക്കിയത്‌.

പുൽപ്പള്ളി ക്ഷേത്രത്തിന് സമീപത്തുകൂടിയുള്ള ഗ്രീൻവാലി റോഡ് (രണ്ട് കിലോമീറ്റർ), മാരപ്പൻമൂല –മൂഴിമല–കാപ്പിക്കുന്ന്‌ റോഡ്‌ ( നാല്‌ കിലോ മീറ്റർ ) , ആനപ്പാറ –പാളക്കൊല്ലി റോഡ് (മൂന്ന്‌ കിലോമീറ്റർ) , താന്നിത്തെരുവ്-ആടിക്കൊല്ലി റോഡ് (അഞ്ച്‌ കിലോമീറ്റർ) , കാപ്പിസെറ്റ് –- കന്നാരംപുഴ റോഡ് (മൂന്ന്‌ കിലോമീറ്റർ), ഏരിയപ്പള്ളി- കാര്യമ്പാതിക്കുന്ന് റോഡ് തുടങ്ങിയവ ഇതിൽപ്പെടും.

1924ൽ ബേസൽമിഷൻകാർ ചേകാടിയിൽ ആരംഭിക്കുകയും 1948ൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്ത ചേകാടി എൽപി സ്കൂൾ നവീകരിച്ചത്‌ ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ്. ഇവിടെ പഠിക്കുന്ന കുട്ടികൾ 95 ശതമാനവും ഗോത്രവിഭാഗമാണ്. പാക്കം ഗവ എൽപി സ്കൂളിൽ കംപ്യൂട്ടർ സ്ഥാപിച്ച് ആധുനികവൽക്കരിച്ചത് ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ്. ഇവിടെ പഠിക്കുന്ന കുട്ടികളും ഭൂരിഭാഗവും ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ്.