Mon. Dec 23rd, 2024
കാസർകോട്‌:

തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ആറുമാസത്തിനകം ഓൺലൈനിലാകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ രജതജൂബിലി മന്ദിരത്തിന്‌ കല്ലിട്ട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.നിലവിൽ 213 സേവനങ്ങൾ ഓൺലൈനിലുണ്ട്‌.

പ്ലാൻ വരച്ചു കൊടുക്കൽ ഉൾപ്പെടെ എല്ലാം കൃത്യമാകും. ചട്ടങ്ങൾ പാലിക്കാതെ പ്ലാൻ വരച്ച്‌ കെട്ടിടം നിർമിക്കുന്ന എൻജിനിയർമാരും ഉദ്യോഗസഥരുമുണ്ട്‌. അത്തരക്കാരുടെ പ്ലാൻ ഇനി നടക്കില്ല.

നവ കേരളത്തിനുതകുന്നതായിരിക്കണം കെട്ടിടങ്ങൾ. വിവിധ ഡയരക്ടറേറ്റുകൾക്ക് കീഴിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഒരു കുടക്കീഴിലേക്ക് വരുമ്പോൾ അതിന്റെ രൂപവും ഭാവവും മാറും. സംരഭങ്ങൾ തുടങ്ങാനുള്ള അപേക്ഷകൾക്ക് എങ്ങനെ അനുമതി കൊടുക്കാമെന്ന ചിന്ത ഉദ്യോഗസ്ഥർക്കുണ്ടാകണം.

പുതിയതലമുറ കുടുംബശ്രീ വരുന്നതിനായി 18നും 40നും ഇടയിൽ പ്രായമുള്ള അഭ്യസ്ത വിദ്യരായ യുവതികളെ പ്രത്യേകമായി രജിസ്റ്റർ ചെയ്യണം. ഇങ്ങനെ 20,000 പുതിയ യൂണിറ്റുകൾ രജിസ്‌റ്റർ ചെയ്യും. ഒരു വാർഡിൽ ഒന്നെന്ന നിലയിൽ സംരംഭകത്വത്തിലേക്ക് നീങ്ങാം. ഇതുവഴി കുടുംബശ്രീയുടെ പുതിയ തലമുറയിലൂടെ ലക്ഷക്കണക്കിന് അഭ്യസ്ത വിദ്യരായവർക്ക് തൊഴിൽ നൽകാൻ കഴിയും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. ജനകീയാസൂത്രണം തുടങ്ങിയ കാലത്തെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് എം വി ബാലകൃഷ്ണൻ, ആസൂത്രണ സമിതി അംഗം ഡോ വി പി പി മുസ്തഫ എന്നിവരെ മന്ത്രി ആദരിച്ചു. ജൈവ വൈവിധ്യ ബോർഡ് അവാർഡ് ജേതാക്കളെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാരായ ടി കെ രവി, പി പി പ്രസന്നകുമാരി എന്നിവർ ആദരവ് ഏറ്റുവാങ്ങി. എംഎൽഎമാരായ സി എച്ച്കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എൻ എ നെല്ലിക്കുന്ന്, കലക്ടർ സ്വാഗത് ആർ ഭണ്ഡാരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഗീതാ കൃഷ്ണൻ, കെ ശകുന്തള, എസ്‌ എൻ സരിത, ഷിനോജ് ചാക്കോ, ജില്ലാ ആസൂത്രണ സമിതി അംഗം സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ സ്വാഗതവും സെക്രട്ടറി പി നന്ദകുമാർ നന്ദിയും പറഞ്ഞു.