തലശേരി:
വടക്കുമ്പാട് കാളിയിൽ ഇക്കോ ടൂറിസം വില്ലേജ് സാധ്യത വിലയിരുത്താൻ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചു. കുറുപ്പാടി സ്‌കൂളിനടുത്ത കാളിയിൽ ഫാം സൊസൈറ്റി സ്ഥലമാണ് സന്ദർശിച്ചത്. എ എൻ ഷംസീർ എംഎൽഎയും ഒപ്പമുണ്ടായി.
ധർമടം, തലശേരി മണ്ഡലങ്ങളെ കോർത്തിണക്കി അഡ്വഞ്ചർ സ്‌പോർട്‌സ്, വാട്ടർ സ്‌പോർട്‌സ്, ഫിഷിങ് ടൂറിസം, ഫുഡ് ടൂറിസം സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. വകുപ്പ് മേധാവിയുമായി ചർച്ച ചെയ്‌ത് തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തെ ജലാശയങ്ങളും ജനജീവിതവും സംസ്‌കാരവുമായി കോർത്തിണക്കിയുള്ള വിനോദസഞ്ചാര പദ്ധതിയാണിത്.
കൃഷിയും സംസ്‌കാരവും ഭക്ഷണവും വിനോദ സഞ്ചാരികൾക്ക് അനുഭവിച്ചറിയാൻ സാധിക്കും. ജലാശയത്തിന് മുകളിൽ സഞ്ചാരികൾക്ക് താമസിക്കാൻ കോട്ടേജുമുണ്ടാവും.