Wed. Apr 24th, 2024
പൂക്കളുടെ ഓണവിപണി വാടിത്തന്നെ Paramara Road, Ernakulam (c) Woke Malayalam
കൊച്ചി

 

വർഷങ്ങളായി വൈറ്റില ജംഗ്ഷനിൽ പൂവിന്റെ കച്ചവടമാണ് അറുമുഖന്. വഴിയോരത്ത് പൂക്കൾ വിറ്റ് ജീവിച്ച അറുമുഖൻ 2010 മുതലാണ് വൈറ്റിലയിൽ മംഗല്യ ഫ്ലവർ മാർട്ട് എന്ന കട തുടങ്ങി മാറുന്നത്. തമിഴ് നാട്ടിൽ നിന്ന് വന്ന അറുമുഖൻ പൂക്കളുടെ കച്ചവടം കൊണ്ടാണ് ഇത്രയും നാൾ ജീവിച്ചത്. 

എന്നാൽ പ്രളയം മുതൽക്കേ പൊതുവെ ഓണത്തിന് പൂക്കളുടെ കച്ചവടം കുറവാണെന്നും കൊറോണ വന്നതോടെ കടുത്ത പ്രതിസന്ധിയിലാണെന്നും ഇദ്ദേഹം പറയുന്നു. ഓണത്തിന് മുൻപ് തന്നെ ഓർഡർ ലഭിച്ചിരുന്ന സ്ഥലത്ത് ഇപ്പോൾ ഓണക്കാലം ആരംഭിച്ചിട്ടും ഇതുവരെയും പൂക്കളുടെ ഓർഡറുകൾ ഒന്നും വന്നിട്ടില്ല. ഇത്തവണ തമിഴ് നാട്ടിൽ നിന്നും മാത്രമാണ് പൂക്കൾ വരുന്നതെന്നും ഇതിന് വില കൂടുതൽ എന്നും ഇദ്ദേഹം പറയുന്നു. തമിഴ് നാട്ടിലെ തേനിയിൽ നിന്നും കമ്പത്ത് നിന്നും കർണാടകയിലെ ബാംഗ്ലൂരിൽ നിന്നുമാണ് കേരളത്തിൽ പൂക്കൾ എത്തിക്കൊണ്ട് ഇരുന്നത്. എന്നാൽ ഇപ്പോൾ പൂക്കളുടെ ആവശ്യം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തെ പോലെ പൂക്കൾ സൂക്ഷിക്കാൻ ഇവർക്ക് സാധിക്കുന്നില്ല. 

ഓണക്കാലത്ത് കോവിഡ് പ്രതിസന്ധിയ്ക്ക് പുറമെ വില കയറ്റവും ഇവരെ ഏറെ ബുദ്ധിമുട്ടിലേയ്ക്ക് നയിക്കുന്നു. കഴിഞ്ഞ വർഷം ഓണം തീരെ ബുദ്ധിമുട്ടിലാക്കിയെന്നും  ഇത് ഈ വർഷം മാറ്റാൻ സാധിക്കുമെന്ന പ്രതീക്ഷയും ഇല്ലാതെയായി എന്നും അറുമുഖൻ പറയുന്നു. ഓണത്തിനോട് അടുപ്പിച്ചു രണ്ട് ദിവസമേ ഇനി കച്ചവടം അറുമുഖൻ പ്രതീക്ഷിക്കുന്നുള്ളു. 

പൂക്കാരമുക്ക് അഥവാ ഫ്ലവർ ജംഗ്ഷൻ, എറണാകുളത്തെ വളരെ സുപ്രസിദ്ധമായ സ്ഥലമാണിത്. വർഷങ്ങൾക്ക് മുൻപ് വെണ്ണല, കത്രിക്കടവ് കരണകോടകം ഭാഗത്ത് പൂക്കളുടെ കൃഷി ഉണ്ടായിരുന്നു. സ്ഥലം പാട്ടത്തിന് എടുത്താണ് ഇത്തരം പൂക്കളുടെ കൃഷി നടത്തി വന്നിരുന്നത്. ഈ കൃഷി സ്ഥലത്ത് നിന്നും പൂക്കൾ കൊണ്ട് വന്ന് വിൽക്കുന്ന സ്ഥലമാണ് പിന്നീട് പൂക്കാരമുക്ക് എന്ന നാമധേയം സ്വീകരിച്ചത്. 

പിന്നീട് മധുരയിൽ നിന്നും കോയമ്പത്തൂരിൽ നിന്നും പൂക്കൾ വിമാനം വഴി വരാൻ തുടങ്ങി. അങ്ങനെ എറണാകുളം ജില്ലയിൽ പൂക്കാരമുക്കിൽ ലഭിക്കാത്ത പൂക്കൾ ഇല്ല എന്നൊരു വിശേഷണവും ഇവിടെയുണ്ട്. വീഥികൾ നിറയെ പൂക്കൾ നിറഞ്ഞ കടകൾ അതൊരു പ്രതാപ കാലം ഉണ്ടായിരുന്നു പൂക്കാരമുക്കിന്. എന്നാൽ ഇന്ന് ഇവിടെ ആകെ രണ്ട് കടകൾ മാത്രമാണുള്ളത്. ഈ രണ്ട് കടകളും 50 വർഷത്തോളം പഴക്കമുള്ളവയാണ്. 

അച്ഛനായി തുടങ്ങി വെച്ച സ്ഥാപനത്തിൽ എ എം ശശി തന്റെ പത്താം വയസ് മുതൽ പൂക്കളുടെ കച്ചവടം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതാണ്. കഴിഞ്ഞ 50 വർഷമായി ഇദ്ദേഹം ഈ വിപണിയിൽ സജീവമാണ്. മാധവ ഫ്ലവർ മാർട്ട് വളരെ പഴക്കമുള്ള കട ആയതിനാലാണ് പൂക്കാരമുക്കിൽ ഇപ്പോഴും പ്രവർത്തനം നടത്തുന്നത് എന്ന ശശി പറയുന്നു. സ്കൂളുകളും കോളേജുകളും മറ്റ് പൊതു സ്വകാര്യ സ്ഥാപനങ്ങളും ഇല്ലാത്തതിനാൽ ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ നഷ്ടമാണ് പൂക്കളുടെ വിപണിയ്ക്ക് സംഭവിച്ചത് എന്നാണ് ശശി പറയുന്നത്. 

കഴിഞ്ഞ വർഷം ഇതര സംസ്ഥാനത്ത് നിന്ന് പൂക്കൾ മേടിക്കരുത് എന്ന് ഉണ്ടായിരുന്നു എങ്കിലും ഈ വർഷം അത്തരം നിയന്ത്രണങ്ങൾ ഇല്ല എന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും പൂക്കൾ വാങ്ങുന്നവരുടെ എണ്ണം വളരെ കുറവാണ്. ഓണം മാത്രം അല്ല കല്യാണങ്ങൾ ആഘോഷങ്ങൾ എന്നിവ ചുരുക്കിയതോടെ പൂക്കളുടെ ആവശ്യം കുറഞ്ഞു. മരണങ്ങൾക്ക് റീത്ത് വെയ്ക്കാൻ സാധിക്കാത്തതിനാൽ, പള്ളിയിൽ നിന്നും ഇതിന് നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ട് തന്നെ ചെറിയ റോസാപ്പൂക്കൾ മാത്രമാണ് ആളുകൾ വാങ്ങുന്നത്. മധുരയിൽ നിന്നും പൂക്കൾ ഇപ്പോൾ വരുന്നില്ല, കോയമ്പത്തൂരിൽ നിന്നുമാണ് ഇപ്പോൾ പൂക്കൾ വരുന്നത് എന്നും ശശി പറയുന്നു. 

പണ്ട് മുല്ലപ്പൂവ് കൃഷി നടത്തി ലാഭം കൊയ്തിരുന്നയിടത്ത് ഇന്ന് പൂക്കൾ തമിഴ് നാട്ടിൽ നിന്നും കൊണ്ട് വരുന്ന വിലയ്ക്കാണ് വിറ്റഴിക്കുന്നത്. അതിനാൽത്തന്നെ പൂക്കൾക്ക് എല്ലാം വില കൂടുതലാണെന്നും ശശി പറയുന്നു. ഒരു മുഴം മുല്ലപ്പൂവിന് ഇന്ന് വില 50 രൂപയാണ്, കച്ചവടത്തിൽ ലാഭം ഒന്നും ലഭിക്കുന്നില്ല എങ്കിലും പൂക്കാരമുക്കും അച്ഛനായിട്ട് ആരംഭിച്ച കടയും നോക്കി നടത്തുകയാണ് ശശി.

പൂക്കാരമുക്കിൽ ജോലി ചെയ്ത വന്നിരുന്ന ബിനോയ് കഴിഞ്ഞ വർഷം ഓണത്തിന്റെ ഉത്രാടം നാളിൽ 6 മണിയ്ക്ക് മുൻപേ കടയിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. പൊതുവെ ഓണക്കാലത്ത് തിരക്കുള്ള പൂക്കാരമുക്കിൽ കോവിഡ് പ്രതിസന്ധി മൂലം ജനത്തിരക്ക് ഇല്ലാത്തതിനാലാണ് ബിനോയ് വീട്ടിലേയ്ക്ക് മടങ്ങിയത്. 

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പാലം കയറുന്നതിന് മുൻപുള്ള ജനത്തിരക്ക് കണ്ടാണ് ബിനോയ് അവിടേയ്ക്ക് ശ്രദ്ധിക്കുന്നത്, പരമാര ക്ഷേത്രത്തിനു മുൻപുള്ള റോഡിൽ ഇരുവശത്തും പൂക്കൂടകളുമായി നിരവധി സ്ത്രീകൾ. പൂക്കച്ചവടം പൂക്കാരമുക്കിൽ നിന്നും നോർത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തേയ്ക്ക് മാറിയതിന്റെ ദൃശ്യങ്ങളായിരുന്നു അത്. എട്ട് മാസം മുൻപ് 2021 ജനുവരിയിൽ ബിനോയ് പരമാര റോഡിൽ കിംഗ് ഫ്ലവർ മാർട്ട് എന്ന കട ആരംഭിച്ചു. കഴിഞ്ഞ വർഷത്തെപ്പോലെയുള്ള കച്ചവടം നടക്കുന്നില്ല എങ്കിലും ഓണം അടുക്കുമ്പോൾ കച്ചവടം കൂടും എന്ന പ്രതീക്ഷയിലാണ് ബിനോയ്. 

റെസിഡൻസ് അസോസിയേഷനുകളും മറ്റ് സംഘടനകളും ഓൺലൈൻ വഴി അത്തപ്പൂവ് മത്സരം നടത്തുന്നതിനാൽ മാത്രമാണ് പൂക്കൾ ഇപ്പോൾ ചിലവാകുന്നത്. ഫ്ലാറ്റിലും വീട്ടുമുറ്റത്തും പൂക്കളിടുന്ന സമ്പ്രദായം കൊറോണ കാരണം കുറഞ്ഞിരിക്കുന്നു. ഇടുന്നവരുടെ എണ്ണം കുറയുന്നത് കൊണ്ട് തന്നെ പൂക്കളുടെ വിപണിയ്ക്ക് കര കയറാൻ സാധിക്കുന്നില്ല. പാലക്കാട് നിന്നും ഒരു സംഘം എല്ലാ വർഷവും ഓണകാലത്ത് പരമാര ക്ഷേത്രത്തിന്റെ മുൻ വശത്ത് (എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്ത്) കടകൾ പണയത്തിന് എടുത്ത് അത്തം മുതൽ തിരുവോണം വരെയുള്ള 10 ദിവസം പൂക്കളുടെ കച്ചവടം നടത്താറുണ്ട്. ഇത്തവണയും അവർ കടകൾ ഇട്ടിട്ടുണ്ട് എന്നാൽ കാര്യമായ ലാഭം കൊയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നും പാലക്കാട് നിന്നും കിഷോർ പറയുന്നു. 

തങ്ങളുടെ കടകളിൽ നിന്ന് ചെറിയ പൂക്കൂടകൾ വാങ്ങി മറ്റ് പ്രധാനപ്പെട്ട ജംഗ്ഷനിലേയ്ക്ക് വിൽക്കുവാൻ വേണ്ടി ആളുകൾ പൂക്കൾ മേടിക്കുന്നതാണ് നിലവിലെ ഇവരുടെ പ്രധാന വരുമാനം. ഉത്രാടം തിരുവോണം ദിവസങ്ങളിൽ മാത്രമേ വില്പനയുടെ യഥാർത്ഥ സ്വഭാവം മനസിലാക്കാൻ സാധിക്കുകയുള്ളു എന്നും പാലക്കാട് നിന്നും വന്ന സംഘത്തിലുള്ള ശ്രീകുമാർ പറയുന്നു. 

കോയമ്പത്തൂരിൽ നിന്നും വന്ന് കേരളത്തിലെ ഓണകാലത്തിലെ പൂക്കളുടെ വിപണി സജീവമാക്കുകയാണ് പരമാര റോഡിൽ കുറച്ച് സ്ത്രീകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇ വർഷം പൂക്കൾ ഒന്നും വിറ്റ് പോയിട്ടില്ല എന്നാണ് ഒന്നടങ്കം അവർ പറയുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ക്ഷേത്രങ്ങളിലും പൂക്കളുടെ ആവശ്യം കുറവാണ്. ഇതും പൂക്കളുടെ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡിന് മുൻപ് ക്ഷേത്രങ്ങളിൽ അത്തപ്പൂക്കളം ഒരുക്കുന്നത് ഈ വർഷവും ആർഭാടമില്ലാതെ നടത്തുന്നതിനാൽ പൂക്കളുടെ ആവശ്യം അവിടെയും കുറഞ്ഞിരിക്കുകയാണ്. 

സ്‌കൂളുകളിലും കോളേജുകളിലും ഓണാഘോഷങ്ങൾ ഇല്ലാത്തതിനാൽ അത്തപ്പൂക്കളത്തിന് മാത്രം അല്ല തലയിൽ ചൂടാൻ മുല്ലപ്പൂവിന് പോലും ആവശ്യക്കാർ ഇല്ലാതെയായി. ദിവസേന പൂക്കൾ വില്പനയ്ക്കായി വാങ്ങിയിരുന്ന ഇവർ ഇപ്പോൾ പൂക്കൾ വിറ്റ് തീരുമ്പോൾ മാത്രമാണ് അടുത്തതായി പൂക്കൾ സംഭരിക്കുക. തീ വിലയും ആവശ്യക്കാരുടെ അഭാവവും ഇവരെ ദുരിതത്തിലേക്ക് തള്ളിയിടുകയാണ് ഈ ഓണക്കാലത്ത്. ദിവസേന വിറ്റഴിക്കുന്ന പൂക്കൾ കൊണ്ട് ദിവസേനയുള്ള ആഹാരത്തിന്റെയും മറ്റും ചിലവുകൾ മാത്രമാണ് നടക്കുന്നത് എന്നാണ് പൂക്കച്ചവടം നടത്തുന്ന വെള്ളായിയമ്മ പറയുന്നത്. 30 വർഷമായി ഇവർ ഇത്തരത്തിൽ പൂക്കൾ വിറ്റ് ജീവിക്കുകയാണ്.

അത്തം തുടങ്ങി 4 ദിവസം പിന്നിട്ടിട്ടും പൂക്കൾ കഴിഞ്ഞ വർഷത്തെ പോലെ വിറ്റഴിക്കാൻ സാധിച്ചില്ല എന്നാണ് നാല്പത് വർഷമായി പൂക്കച്ചവടം നടത്തുന്ന വാസന്തി പറയുന്നത്. പ്രളയം മുതൽക്കേ വിപണി ഇടിഞ്ഞ നിൽക്കുകയാണ് എങ്കിലും മുപ്പത് വർഷത്തിൽ ആദ്യമായിട്ടാണ് പൂക്കൾക്ക് ഇത്രയും നഷ്ടം നേരിടേണ്ടി വരുന്നത് എന്നാണ് പരമാര റോഡിൽ പൂക്കച്ചവടം നടത്തുന്ന ചിത്രയും പറയുന്നത്. ചർച്ചിയമ്മയും പളനിയമ്മയും ഇതേ ദുരിതം തന്നെ ഉയർത്തുന്നു. കേരളത്തിന്റെ ഉത്സവം കൊണ്ട് തങ്ങൾക്ക് ജീവിത മാർഗം കണ്ടെത്തുന്ന ഇവർക്ക് ഈ വർഷവും നഷ്ടത്തിന്റെ കണക്കാണ് പറയാനുള്ളത്. 

ഓണക്കാലത്ത് വഴിയോരങ്ങളിൽ പൂക്കൾ വിൽക്കുന്ന കാഴ്ച ഇപ്പോൾ കാണാൻ സാധിക്കില്ല. സർക്കാർ സ്ഥാപനങ്ങളിലെയും സ്കൂൾ കോളേജുകളിലെയും ഓണാഘോഷങ്ങൾ ഇല്ലാതായതോടെ പൂ വിപണി നഷ്ടത്തിലായി. കോവിഡിന് മുൻപ് അത്തം മുതൽ തിരുവോണം വരെ വീടുകളിലും സ്ഥാപനങ്ങളിലും മത്സരിച്ച് പൂക്കളം ഇടുന്നത് കൊണ്ട് ലക്ഷങ്ങളുടെ പൂക്കളാണ് വിറ്റഴിഞ്ഞ് പോയിരുന്നത്. അതിൽ നിന്നും പൂക്കുട നിറയെ പൂക്കൾ നിറച്ച് വിൽക്കുന്ന കാഴ്ച ഇപ്പോൾ അന്യമാണ്.