Mon. Dec 23rd, 2024
പുല്‍പള്ളി:

വനവും കബനിപ്പുഴയും കോട്ട കെട്ടിയ വെട്ടത്തൂര്‍ ഗോത്രഗ്രാമത്തിലെ ജീവിതം നരകതുല്യം. ഗ്രാമത്തിനു പുറത്തു കടക്കാനാവാതെ വലയുകയാണിവര്‍. മഴ ചാറിയാല്‍ ഒരു സൈക്കിള്‍ പോലും കാടുകടന്നെത്തില്ല.

ഗ്രാമവാസികള്‍ പാല്‍ അളക്കാനും അവശ്യസാധനങ്ങള്‍ വാങ്ങാനുമെത്തുന്നത് പെരിക്കല്ലൂര്‍ അങ്ങാടിയിലാണ്. പകല്‍ സമയത്തും ആനയും കടുവയുമുള്ള വനത്തിലൂടെ രണ്ടരകിലോമീറ്റര്‍ നടന്നാലേ പെരിക്കല്ലൂര്‍ പമ്പ് ഹൗസ് ഭാഗത്ത് എത്തുകയുള്ളൂ.
ഇവിടെ നിന്നും ഒരു കിലോമീറ്റർ‌ കൂടി പോയാലാണ് അങ്ങാടിയിൽ എത്തുക.

മറ്റൊരു വഴിയിലൂടെ പുല്‍പള്ളി – ചേകാടി റൂട്ടിലെത്താന്‍ 2 കിലോമീറ്ററും പോകണം. പശിമയാര്‍ന്ന കളിമണ്ണാണിവിടുത്തേത്. നനവുണ്ടായാല്‍ മണ്ണ് കാലില്‍ പൊതിയും.

ഈ വഴിയിലൂടെ നടക്കുന്നതിനിടെ ആനയോ മറ്റോ വന്നാല്‍ ഓടിമാറാനും കഴിയാത്ത അവസ്ഥയെന്നു നാട്ടുകാര്‍ പറയുന്നു. ഗോത്ര വിഭാഗങ്ങളടക്കം 20 ഓളം കുടുംബങ്ങളാണു വെട്ടത്തൂര്‍ ഗ്രാമത്തില്‍ കഴിയുന്നത്.സ്വന്തമായുള്ള സ്ഥലത്ത് ചിലര്‍ കൃഷി ചെയ്തിട്ടുണ്ട്. അവ മുഴുവൻ ആനയും മാനുകളും തിന്നുതീര്‍ക്കും.

കൂടുതല്‍ സ്ഥലമുള്ള വെട്ടത്തൂര്‍ കൃഷ്ണന്‍ ചെട്ടി കുറെക്കാലമായി നെല്‍ക്കൃഷി ചെയ്യുന്നില്ല. കൃഷിയിറക്കിയാല്‍ വിളവെടുക്കുന്നത് വന്യമൃഗങ്ങളാണെന്നതാണു കാര്യം. പച്ചക്കറി നട്ടാലും ഇതേ സ്ഥിതി. ഗ്രാമത്തില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ വീട്ടില്‍ കിടന്നു നരകിക്കുക മാത്രമാണു പോംവഴി. മഴക്കാലം തുടങ്ങിയ ശേഷം വാഹനമൊന്നും ഇവിടേക്കു വന്നിട്ടില്ല.

ഇടയ്ക്കു വന്ന വനംവകുപ്പ് വാഹനം ചെളിയില്‍ പൂണ്ടതിനെ തുടർന്നു കെട്ടിവലിച്ചാണ് പുറത്തെത്തിച്ചത്. പെരിക്കല്ലര്‍ പമ്പ് ഹൗസ് മുതലുള്ള വനപാത പൂട്ടു കട്ടയിട്ടോ കോണ്‍ക്രീറ്റ് ചെയ്തോ ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പനമരം ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ തവണ ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചെന്ന് പറയുന്നതല്ലാതെ നടപടിയായില്ല.

ഉത്തരവാദപ്പെട്ട ജനപ്രതിനിധികളെല്ലാം വേനല്‍ കാലത്ത് വെട്ടത്തൂരിലെത്തി വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ നടന്നുപോകാനുള്ള സൗകര്യം പോലും ഒരുക്കി നൽകിയിട്ടില്ല. വനാവകാശ പ്രകാരം വനത്തിനുള്ളില്‍ കഴിയുന്നവര്‍ക്ക് എല്ലാ ജീവിത സൗകര്യങ്ങളുമൊരുക്കണമെന്നു നിയമമുണ്ടെങ്കിലും വെട്ടത്തൂരിന്റെ കാര്യത്തിൽ‌ ഇതൊന്നും പാലിക്കപ്പെടുന്നില്ല. ഗ്രാമത്തിലെ പഠനവീട്ടില്‍ 12 കുട്ടികളുണ്ട്.

അവര്‍ സ്കൂളിലെത്തുന്നത് മുട്ടൊപ്പം ചെളിയിലൂടെ. ഇവരുടെ സഹോദരന്‍മാര്‍ പെരിക്കല്ലൂര്‍ സ്കൂളിലാണ് പഠിക്കുന്നത്. ആനയെ ഭയന്ന് രക്ഷിതാക്കള്‍ അകമ്പടി പോകും.

രാവിലെ സംഘത്തില്‍ പാല്‍ അളക്കാന്‍ പോകുന്നവര്‍ പലപ്പോഴും ആനയുടെ മുന്നില്‍പെടുന്നു. ഒരുവഴിയുണ്ടെങ്കില്‍ ഗ്രാമത്തിലെത്തി പാല്‍ സംഭരിക്കാന്‍ കഴിയുമെന്ന് സംഘം ഭാരവാഹികള്‍ പറയുന്നു. ഒന്നും തന്നില്ലെങ്കിലും അത്യാവശ്യത്തിന് പുറത്തുപോകാന്‍ കഴിയും വിധത്തിലുള്ള ഒരു റോഡുണ്ടാക്കണമെന്നാണു ഗ്രാമവാസികളുടെ ആവശ്യം.