കണ്ണൂർ:
ക്ഷീരവികസന വകുപ്പിൻറെ പാലിൻറെയും പാലുൽപന്നങ്ങളുടെയും ഗുണനിലവാര പരിശോധന പ്രഹസനമാകുന്നു. ഇതിന് വകുപ്പിലെ ജീവനക്കാരെ ഉപയോഗിക്കുമ്പോഴും ഇതിനുള്ള അധികാരം നൽകാത്തതാണ് പരിശോധന പ്രഹസനമാക്കുന്നത്. ക്ഷീരവകുപ്പിന് അധികാരം നൽകണമെങ്കിൽ കേന്ദ്ര ഭക്ഷ്യസുരക്ഷ മന്ത്രാലയത്തിൻറെ അംഗീകാരം ആവശ്യമാണെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി ജെ ചിഞ്ചുറാണി നിയമസഭയിൽ എം എൽ എമാരുടെ ചോദ്യത്തിന് മറുപടി നൽകിയത്.
എന്നാൽ, ഭക്ഷ്യസുരക്ഷ നിയമപ്രകാരം ഇത് തെറ്റായ മറുപടിയാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സർക്കാറിന് യോഗ്യതയുള്ള ഏത് ഉദ്യോഗസ്ഥനും ഇതിനുള്ള അധികാരം കൊടുക്കാമെന്നാണ് കേന്ദ്ര ഭക്ഷ്യസുരക്ഷ നിയമത്തിൽ പറയുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.നിലവിൽ പാൽ പരിശോധന ക്ഷീരവകുപ്പ് മുഖേന തുടങ്ങിയിട്ടുണ്ടെങ്കിലും അതിനുള്ള അധികാരം സർക്കാർ വകുപ്പിന് നൽകിയിട്ടില്ല.
പാൽ, പാലുൽപന്നങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ പരിശോധന നടത്തിവന്നത് ഭക്ഷ്യസുരക്ഷ വകുപ്പായിരുന്നു.എന്നാൽ, ഈ വകുപ്പിൽ ജീവനക്കാർ കുറവാണ്. എല്ലാ ഭക്ഷ്യവസ്തുക്കളും പരിശോധിക്കേണ്ടതിനാൽ പാലിനും പാലുൽപന്നങ്ങൾക്കും വേണ്ടത്ര ശ്രദ്ധ നൽകാൻ ഇവർക്കാകുന്നില്ല. ഈ സാഹചര്യത്തിലാണ് ക്ഷീരവകുപ്പ് മുഖേന ഇപ്പോൾ പരിശോധന തുടങ്ങിയിട്ടുള്ളത്.
ഇതിന് യോഗ്യരായ ഉദ്യോഗസ്ഥർ കൂടുതലുള്ളത് ക്ഷീരവികസന വകുപ്പിലാണ്. ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ എല്ലാ ബ്ലോക്കുകളിലും ഉണ്ട്. ചില ബ്ലോക്കുകളിൽ രണ്ട് ഉദ്യോഗസ്ഥരും ഉണ്ട്.
എന്നാൽ, ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ നിയോജക മണ്ഡലം അടിസ്ഥാനത്തിലാണുള്ളത്. ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ച് ക്ഷീര വികസന വകുപ്പിലെ ക്വാളിറ്റി കൺേട്രാൾ ഓഫിസർമാർ, ജില്ല ഡെപ്യൂട്ടി ഡയറക്ടർമാർ, ചെക്ക്പോസ്റ്റുകളിലെ ക്ഷീരവികസന ഓഫിസർമാർ എന്നിവർക്ക് പാൽ, പാലുൽപന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അധികാരങ്ങൾ നൽകുന്നത് സംബന്ധിച്ച് ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനമെടുത്തെങ്കിലും ഉത്തരവിറങ്ങുന്നതിനു മുമ്പ് സർക്കാർ മാറി.2011ൽ ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള ചട്ടങ്ങൾ നിലവിൽ വരുന്നതുവരെ 1992ലെ മിൽക്ക് ആൻഡ് മിൽക്ക് ഓർഡർ (എം എം പി ഒ, 1992) പ്രകാരം പാലിൻറെയും പാലുൽപന്നങ്ങളുടെയും ഗുണനിയന്ത്രണാധികാരം ക്ഷീരവികസന വകുപ്പിലെ സാങ്കേതിക ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്തിരുന്നത്.
വകുപ്പിെൻറ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാ പ്രധാന അതിർത്തി ചെക്ക്പോസ്റ്റുകളിലും താൽക്കാലിക പാൽ പരിശോധന സംവിധാനങ്ങൾ എല്ലാ വർഷവും ഏർപ്പെടുത്താറുണ്ട്. പരിശോധന സംവിധാനങ്ങളിലൂടെ കണ്ടെത്തുന്ന ഗുണനിലവാരം കുറഞ്ഞ പാലും പാലുൽപന്നങ്ങളും സംബന്ധിച്ച തുടർനടപടികൾ ഭക്ഷ്യസുരക്ഷ വകുപ്പ് മുഖേനയാണ് സ്വീകരിച്ചുവരുന്നത്.