Thu. Mar 28th, 2024
കോഴിക്കോട്:

വനം ഉന്നതരുടെ ആസൂത്രണപ്പിഴവു മൂലം സംസ്ഥാനത്തെ 3 പ്രധാന റേഞ്ചുകളിൽ തേക്ക് തോട്ടങ്ങൾ ഒരുക്കുന്ന കോടികളുടെ പദ്ധതി പാളി. തേക്ക് തൈകൾ നടാനായി എടുത്ത 3 ലക്ഷത്തോളം കുഴികളിൽ മലവേപ്പ് തൈകൾ നട്ട് താൽക്കാലികമായി പ്രശ്നം പരിഹരിച്ചു. ആസൂത്രണത്തിൽ ഗുരുതരമായ പിഴവുകൾ വരുത്തിയ ഉന്നത ഉദ്യോഗസ്ഥരെയെല്ലാം സംരക്ഷിച്ച വനം വകുപ്പ്, സെൻട്രൽ നഴ്സറിയിലെ 2 സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരെ സസ്പെൻഡ് ചെയ്ത് തടിയൂരി.

40 വർഷത്തിനു ശേഷം കോടിക്കണക്കിനു രൂപയുടെ വരുമാനം സർക്കാരിനു ലഭിക്കേണ്ടിയിരുന്ന തോട്ടങ്ങളിലാണ് ഇപ്പോൾ മലവേപ്പ് വളരുന്നത്.40 വർഷം പ്രായമുള്ള ഒരു തേക്ക് മരത്തിൽ നിന്ന് ശരാശരി 10 ലക്ഷം രൂപയാണ് സർക്കാരിനു വരുമാനമായി ലഭിക്കുക. അതേസമയം 8 വർഷം പ്രായമുള്ള 300 മലവേപ്പ് മരങ്ങൾ വേണം ഈ വരുമാനം കിട്ടാൻ.

10 വർഷത്തേക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച വർക്കിങ് പ്ലാനിൽ നിന്ന് വ്യതിചലിച്ചാണ് മലവേപ്പ് നട്ടിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. റാന്നി, കോന്നി, പുനലൂർ എന്നിവിടങ്ങളിലെ പ്ലാന്റേഷനുകളി‍ൽ 3 ലക്ഷത്തോളം തേക്ക് തൈകൾ നട്ടു വളർത്താനായിരുന്നു വനം വകുപ്പിന്റെ പദ്ധതി. റാന്നി വടശേരിക്കരയിൽ 1,01,500 കോന്നിയിൽ 1,37,000 (ഇതു പിന്നീട് 61,000 ആക്കി കുറച്ചു) പുനലൂരിൽ 50,000 എന്നിങ്ങനെ തൈകൾ ആവശ്യമായിരുന്നു.

കുളത്തൂപ്പുഴ സെൻട്രൽ നഴ്സറിയിലാണ് ഇവിടേക്കു വേണ്ട തേക്ക് തൈകൾ ഉല്പാദിപ്പിക്കുന്നത്. കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എത്തിക്കുന്ന വിത്തുകൾ മുളപ്പിച്ച് 30 സെന്റീമീറ്റർ ഉയരം വയ്ക്കുമ്പോഴാണ് പ്ലാന്റേഷനുകളിൽ നടാനായി കൈമാറുക. ഇതിനായി ചുരുങ്ങിയത് 4 മാസമെടുക്കും.

എന്നാൽ കെഎഫ്ആർഎയിൽ നിന്ന് വിത്തുകൾ എത്തിയത് ഏപ്രിൽ 1നു മാത്രമാണ്. ജൂലൈ അവസാനത്തോടെ മാത്രമേ തൈകൾ തയാറാവുമായിരുന്നുള്ളൂ. തൈകൾ ഒരുക്കുന്ന ജോലികളിൽ വീഴ്ച വരുത്തി എന്ന് ആരോപിച്ചാണ് 2 സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരെ സസ്പെൻഡ് ചെയ്തത്.

ഇതിൽ ഒരാൾ മേയിൽ മാത്രമാണ് കുളത്തൂപ്പുഴ നഴ്സറിയിലേക്ക് സ്ഥലം മാറി എത്തിയത്. നഴ്സറി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ടിയിരുന്ന റേഞ്ച് ഓഫിസർ, ഡിഎഫ്ഒ എന്നിവരിലൊന്നും വനം വകുപ്പ് കുറ്റം കണ്ടിട്ടില്ല. തൈകൾ ലഭ്യമാണോ എന്നതുപോലും പരിശോധിക്കാതെ 3 പ്ലാന്റേഷനുകളിലും വ്യാപകമായി മാർച്ച് മാസത്തിൽ കുഴികൾ എടുത്തു.

മാർച്ചിൽ തന്നെ ഈ ജോലികൾ പൂർത്തിയാക്കുന്നത് പ്രത്യേക ഉദ്ദേശ്യത്തോടെയാണെന്ന് വനം വകുപ്പുകാർ തന്നെ സമ്മതിക്കുന്നു. വേനൽക്കാലത്ത് കുഴിയെടുക്കുമ്പോൾ ഒന്നിന് 23 രൂപ വരെ എഴുതിയെടുക്കാം.ഇതു മഴക്കാലത്താണെങ്കിൽ പരമാവധി 9 രൂപ മാത്രമേ ചെലവ് എഴുതാൻ സാധിക്കുകയുള്ളൂ. മാർച്ചിൽ കുഴികൾ ഒരുക്കിയെങ്കിലും തേക്കിൻ തൈകൾ സമയത്തിന് എത്തിയില്ല.

കുഴികൾ കാടു കയറി നശിക്കുമെന്നും കൂടുതൽ കുരുക്കാവുമെന്നും തിരിച്ചറിഞ്ഞതോടെ മലവേപ്പിന്റെ തൈകൾ നടാൻ തീരുമാനിക്കുകയായിരുന്നു. 8 വർഷം കൊണ്ട് മുറിക്കാവുന്ന പരുവത്തിൽ വണ്ണം വയ്ക്കുന്നതാണ് മലവേപ്പ്. വരുമാനത്തിനു വേണ്ടി ഇപ്പോൾ പലരും കൃഷി ചെയ്യുന്നുമുണ്ട്. പച്ചപ്പ് നിലനിർത്താൻ ഈ മരങ്ങൾ പര്യാപ്തമാണെങ്കിലും സാമ്പത്തികമായി നോക്കുമ്പോൾ സർക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടാവുന്നത്.