Mon. Apr 7th, 2025 12:07:43 PM
പേരാമ്പ്ര:

സ്വാതന്ത്ര്യദിനത്തിൽ പേരാമ്പ്ര ഉപജില്ലയിൽ കുട്ടികളുടെ റേഡിയോ 47. 21 പ്രക്ഷേപണം ആരംഭിച്ചു. ടി പി രാമകൃഷ്ണൻ എംഎൽഎ റേഡിയോ ലോഞ്ചിങ്‌ ഉദ്ഘാടനംചെയ്തു. റേഡിയോക്ക്‌ ആവശ്യമായ പിന്തുണ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുമെന്ന് ടി പി പറഞ്ഞു. കെ മുരളീധരൻ എംപി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

പൂർണമായും കുട്ടികളാണ് റേഡിയോയുടെ പിന്നണിയിലുള്ളത്. 30 അംഗ ഡയരക്ടർ ബോർഡ് സാങ്കേതിക പിന്തുണ നൽകുന്നു. ഐടി അറ്റ് സ്കൂൾ മാസ്റ്റർ ട്രെയിനർമാർ കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകും.

ഉപജില്ലയിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികളാണ് പരിപാടികൾ അവതരിപ്പിക്കുക. ആദ്യ എപ്പിസോഡിൽ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിനി എസ് ബി അനുഗ്രഹയാണ് ആർജെയായി ശബ്ദം നൽകിയത്.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പി ബാബു അധ്യക്ഷനായി.

പേരാമ്പ്ര ബിആർസിയിൽ സ്റ്റുഡിയോ ഒരുക്കുന്നതടക്കം എല്ലാ പിന്തുണയും ബ്ലോക്ക് പഞ്ചായത്ത് വാഗ്ദാനം ചെയ്തു. റേഡിയോ ഗാനത്തിന്റെ രചന നിർവഹിച്ച അജിത്ത് സോപാനം, സംഗീതവും ദൃശ്യവും ആവിഷ്കരിച്ച അർജുൻ സാരംഗി എന്നിവർക്ക് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ പ്രമോദ് ഉപഹാരം നൽകി. വി പി മിനി, വി വി പ്രേമരാജൻ, എ കെ അബ്ദുൾ ഹക്കിം, ബി മധു, അഡ്വ ബബിത ബൽരാജ് എന്നിവർ മുഖ്യാതിഥികളായി. ശശികുമാർ പേരാമ്പ്ര, ലത്തീഫ് കരയാതൊടി, വി പി നിത, ദിവ്യ ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.